ആലപ്പുഴ: ആലപ്പുഴ വണ്ടേപുറം പാട ശേഖരത്തിന് സമീപം കുഴിച്ചുമൂടിയ നിലയിൽ നവജാത ശിശുവിനെ കണ്ടെത്തിയതായി ആലപ്പുഴ എസ് പി ചൈത്ര തെരേസയുടെ സ്ഥിരീകരണം. കൊല്ലനാടി പാട ശേഖരണം തെക്കേ ബണ്ടിൽ നിന്നാണ് മൃതശരീരം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനയി ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോകും. കുട്ടിയുടെ അമ്മ നിരീക്ഷണത്തിലാണ്. സുഹൃത്തുക്കളായ രണ്ടു പേര് കസ്റ്റഡിയിലുണ്ടെന്നും പൊലീസ് സ്ഥിരീകരിച്ചു. അമ്മയെയും ആൺസുഹൃത്തിനേയും പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആര്‍ തയ്യാറാക്കിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രി യുടെ പരാതിയിലാണ് പൊലീസ് കേസ് എടുത്തത്. കൊലപാതകo ആണോ എന്നതിൽ ശാസ്ത്രീയ പരിശോധന ഫലം പുറത്ത് വരണമെന്നും പൊലീസ് അറിയിച്ചു.
കുട്ടിയുടേത് കൊലപാതകമാണോ എന്നതിൽ നിലവിൽ സ്ഥിരീകരണമില്ല. ഇക്കാര്യം പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ സാധിക്കുകയുളളു. ആലപ്പുഴ ചേർത്തല പൂച്ചാക്കല്‍ സ്വദേശിയായ അവിവാഹിതയായ യുവതി ആഗസ്റ്റ് 6 നാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 7 നാണ് കുട്ടിയെ കുഴിച്ചു മൂടുന്നത്. കുഞ്ഞിനെ കൊന്നതാണോ പ്രസവത്തിൽ മരിച്ചതാണോ എന്നതിൽ വ്യക്തതയില്ല. വീട്ടുകാരിൽ നിന്ന് യുവതി വിവരം മറച്ചു വെച്ചിരിക്കുകയായിരുന്നുവെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഈ മാസം എട്ടാം തീയതി യുവതി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പ്രസവത്തിന് ശേഷമുളള ശാരീരിക അസ്വസ്ഥതകളെന്ന് പറഞ്ഞ് യുവതി ചികിത്സക്കെത്തുന്നത്. ആശുപത്രി അധികൃതർ കുഞ്ഞിനെ തിരക്കിയപ്പോൾ അമ്മത്തൊട്ടിലിൽ ഏൽപിച്ചുവെന്നാണ് മറുപടി നൽകിയത്. പിന്നീട് ബന്ധുക്കൾക്ക് കൈമാറിയെന്നും വീട്ടിലുണ്ടെന്നും പരസ്പര വിരുദ്ധമായ മൊഴികൾ നൽകി. സംശയം തോന്നിയ ആശുപത്രി അധികൃതരാണ് പൂച്ചാക്കൽ പൊലീസിൽ വിവരമറിയിച്ചത്. പൊലീസെത്തി മൊഴിയെടുത്തപ്പൊഴും വൈരുദ്ധ്യങ്ങളുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ ചോദ്യം ചെയ്തപ്പോഴാണ് വിവരങ്ങൾ പുറത്ത് വന്നത്. കുഞ്ഞ് മരിച്ചുവെന്നും മൃതദേഹം ആൺസുഹൃത്തിനെ ഏൽപ്പിച്ചതായും യുവതി മൊഴി നൽകി. ഇതനുസരിച്ച് ആൺസുഹൃത്തിനെ പൊലീസ് പിടികൂടി. അയാളും സുഹൃത്തും കൂടി മൃതദേഹം മറവുചെയ്തെന്നായിരുന്നു മറുപടി. കുഞ്ഞിനെ ഇവർ കൊലപ്പെടുത്തിയതാണോ അതോ പ്രസവത്തിൽ തന്നെ കുഞ്ഞ് മരിച്ചിരുന്നോ എന്ന കാര്യമാണ് ഇനി സ്ഥിരീകരിക്കേണ്ടത്.