മുംബൈ: മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്ക് വെച്ച സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. 21കാരനായ നീരജ് ബിഷ്ണോയ് എന്നയാളാണ് പിടിയിലായത്. ഇയാളെ അസമില്‍ നിന്നാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായ പ്രതികളുടെ എണ്ണം മൂന്നായി. ബെംഗളൂരു സ്വദേശിയായ വിശാല്‍ കുമാര്‍ (21), ഉത്തരാഖണ്ഡ് സ്വദേശിനിയായ ശ്വേത സിങ് (18)എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. ബുള്ളി ബായ് എന്ന ആപ്ലിക്കേഷനിലൂടെയാണ് വിദ്വേഷ പ്രചാരണം നടത്താനായി മുസ്ലിം യുവതികളുടെ ചിത്രങ്ങള്‍ വില്‍പ്പനയ്ക്ക് വെച്ചത്.

ഈ ആപ്ലിക്കേഷന്‍ പ്രൊമോട്ട് ചെയ്യാനായി ഉണ്ടാക്കിയ ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇവര്‍ സിഖ് പേരുകളാണ് നല്‍കിയിരുന്നതെന്നും ആളുകളെ തെറ്റിദ്ധരിപ്പിക്കുക എന്നതായിരുന്നു ഉദ്ദേശമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ശ്വേത സിങ്ങാണ് കേസിലെ പ്രധാന പ്രതി. ഇവരാണ് ബുള്ളി ബായ് ആപ്പിന് വേണ്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ക്രിയേറ്റ് ചെയ്തത്. പ്ലസ് ടു പരീക്ഷ പാസ്സായി നില്ക്കുന്ന ശ്വേത, എഞ്ചിനീയറിങ് പ്രവേശനത്തിന് കാത്തിരിക്കുകയാണ്. നേപ്പാളില്‍ നിന്നുള്ള ഒരാളുടെ നിര്‍ദേശം അനുസരിച്ചാണ് ശ്വേത സിങ് പ്രവര്‍ത്തിച്ചിരുന്നതെന്നും മുംബൈ പൊലീസ് വ്യക്തമാക്കി.
