
മനാമ: ബഹ്റൈനിലെ അറാദിൽ കെട്ടിടം തകർന്ന് രണ്ടു പേർ മരിക്കുകയും ആറു പേർക്ക് പരിക്കേൽക്കുകയുമുണ്ടായ കേസിൽ 50കാരനായ റെസ്റ്റോറൻ്റ് ഉടമയ്ക്ക് മൂന്നാം ഹൈ ക്രിമിനൽ അപ്പീൽ കോടതി മൂന്നു വർഷം തടവുശിക്ഷ വിധിച്ചു.
നേരത്തെ കീഴ്ക്കോടതി ഇയാളെ കുറ്റവിമുക്തനാക്കിയിരുന്നു. ആ ഉത്തരവ് റദ്ദാക്കിയാണ് ഹൈ ക്രിമിനൽ അപ്പീൽ കോടതി ശിക്ഷ വിധിച്ചത്.
പ്രതിയുടെ അശ്രദ്ധയാണ് ദുരന്തത്തിന് കാരണമായതെന്ന വാദവുമായി കീഴ്ക്കോടതി വിധിക്കെതിരെ പബ്ലിക് പ്രോസിക്യൂഷൻ സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ശിക്ഷ വിധിച്ചത്. സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതിനെ തുടർന്ന് റെസ്റ്റോറൻ്റിൽനിന്നുണ്ടായ വാതക ചോർച്ചയുടെ ഫലമായി നടന്ന സ്ഫോടനമാണ് കെട്ടിടം തകരാൻ കാരണമായതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നതായി പബ്ലിക് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ഫെബ്രുവരി 12നാണ് ദുരന്തമുണ്ടായത്.
