തിരുവനന്തപുരം: ആരോഗ്യ മേഖലയ്ക്ക് കരുത്തേകുന്ന ബജറ്റാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2629.33 കോടി രൂപയാണ് അനുവദിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 288 കോടി രൂപയാണ് അധികമായി അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന് വേണ്ടി 484.8 കോടിയും നാഷണല്‍ ആയുഷ് മിഷന് വേണ്ടി 10 കോടിയും സംസ്ഥാന വിഹിതമായി വകയിരുത്തിയിട്ടുണ്ട്. ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിന് ഇത് സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
· 2022-23ല്‍ സംസ്ഥാനത്ത് സാമൂഹ്യ പങ്കാളിത്തത്തോടെ സ്റ്റേറ്റ് ക്യാന്‍സര്‍ സ്ട്രാറ്റജി അവതരിപ്പിക്കും. കാന്‍സര്‍ പ്രതിരോധം സംബന്ധിച്ച് ശാസ്ത്രീയ അവബോധം നല്‍കുന്നതിനും ആശുപത്രികളില്‍ കൂടുതല്‍ കാന്‍സര്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു.
· കാന്‍സര്‍ കെയര്‍ സ്യൂട്ട് എന്ന പേരില്‍ കാന്‍സര്‍ രോഗികളുടെയും ബോണ്‍മാരോ ഡോണര്‍മാരുടെയും വിവരങ്ങളും സമഗ്ര കാന്‍സര്‍ നിയന്ത്രണ തന്ത്രങ്ങളും ഉള്‍പ്പെടുത്തിയ സോഫ്റ്റ് വെയര്‍ വികസിപ്പിക്കും.
· തിരുവനന്തപുരം ആര്‍സിസിക്ക് 81 കോടി രൂപ വകയിരുത്തി. ആര്‍സിസിയെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്തും.
· കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിനെ ഒരു അപ്പെക്സ് സെന്ററായി വികസിപ്പിക്കും. 14.5 കോടി അനുവദിച്ചു. 360 കിടക്കകളുള്ള കെട്ടിടത്തിന്റെ ഒന്നാംഘട്ടം പൂര്‍ത്തിയാക്കും.
· മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി അനുവദിച്ചു.
· സാന്ത്വന പരിചരണത്തിന് നൂതന കോഴ്സുകള്‍ ആരംഭിക്കും. പാലിയേറ്റീവ് രംഗത്തെ സമഗ്ര പദ്ധകള്‍ക്കായി 5 കോടി അനുവദിച്ചു.
· കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയ്ക്ക് 500 കോടി രൂപ അനുവദിച്ചു. ഈ പദ്ധതിയിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സിന്റെ പ്രീമിയം തുക പൂര്‍ണമായും വഹിക്കുന്ന ചിസ് സ്കീമില്‍ ഉള്‍പ്പെട്ട 19.56 ലക്ഷം കുടുംബങ്ങള്‍ അടക്കം ആകെ 41.59 ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും.
· സംസ്ഥാന മെഡിക്കല്‍ കോളേജുകളുടേയും തിരുവനന്തപുരം റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയുടെയും വികസനത്തിനായി 250.7 കോടി രൂപ വകയിരുത്തി.
· കേരള ഡിജിറ്റല്‍ ഹെല്‍ത്ത് മിഷനായി 30 കോടി അനുവദിച്ചു. വിവര വിനിമയ സാങ്കേതികവിദ്യ ആരോഗ്യ മേഖലയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ പുതിയ പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. വണ്‍ സിറ്റിസണ്‍ വണ്‍ ഇലക്ട്രോണിക് ഹെല്‍ത്ത് റെക്കോര്‍ഡ് എന്നതാണ് ഈ മിഷന്റെ പ്രധാന ലക്ഷ്യം.
· കോവിഡാനന്തര പഠനങ്ങള്‍ക്കും ഉചിതമായ ചികിത്സാ രീതിയുടെ വികസനത്തിനുമായി 5 കോടി.
· അരിവാള്‍ രോഗികളുടെ കുടുംബങ്ങള്‍ക്ക് ജീവിത വരുമാനം വര്‍ധിപ്പിക്കുന്ന പ്രവര്‍ത്തികള്‍ക്ക് ഒറ്റത്തവണ ധനസഹായമായി 2 ലക്ഷം രൂപ അനുവദിക്കും. ഈ പദ്ധതിയ്ക്ക് 3.78 കോടി അനുവദിച്ചു.
· മെഡിക്കല്‍ സംരംഭക ഇക്കോ സിസ്റ്റം സൃഷ്ടിക്കുന്നതിനായി മെഡിക്കല്‍ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളെ കൂട്ടിയിണക്കി ഒരു കണ്‍സോഷ്യം രൂപീകരിക്കും. 100 കോടി രൂപ ചെലവില്‍ തിരുവനന്തപുരത്ത് മെഡിക്കല്‍ ടെക് ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും.
· ആരോഗ്യ സംരക്ഷണം, ജനിതക വൈകല്യങ്ങളുടെ പഠനം, പ്രാഥമിക മേഖലയുടെ ഉല്‍പ്പാദന ക്ഷമത മെച്ചപ്പെടുത്തല്‍, മെഡിക്കല്‍, കാര്‍ഷിക, മൃഗസംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട് 500 കോടി രൂപ ചെലവില്‍ കേരള ജനോമിക് ഡേറ്റാ സെന്റര്‍.
· ആരോഗ്യ പരിപാലനത്തിനും സമൂഹത്തിന്റെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രയോജനകരമായ ന്യൂട്രാസ്യൂട്ടിക്കല്‍സില്‍ ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് ഡിപിആര്‍ തയ്യാറാക്കുന്നതിന് 25 ലക്ഷം രൂപ വകയിരുത്തി.
· ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയില്‍ ന്യൂതന സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും ന്യൂക്ലിക് ആസിഡ് അടിസ്ഥാനമാക്കി വാക്സിനുകള്‍ വികസിപ്പിക്കല്‍ മോണോക്ലോണല്‍ ആന്റിബോഡി വികസിപ്പിക്കല്‍ എന്നിവയ്ക്ക് 50 കോടി അനുവദിച്ചു.
വനിത ശിശുവികസന വകുപ്പ്
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമത്തിനായും ബജറ്റില്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. 2022-23ല്‍ ജെന്‍ഡര്‍ ബജറ്റിനായുള്ള അടങ്കല്‍ തുക 4665.20 കോടി രൂപയായി വര്‍ധിപ്പിച്ചു. ഇത് സംസ്ഥാനത്തെ ആകെ പദ്ധതി വിഹിതത്തിന്റെ 20.90 ശതമാനമാണ്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പാക്കുന്നതിന് 16 പ്രത്യേക സ്കീമുകള്‍ ആരംഭിക്കുന്നതാണെന്ന് ഈ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
· 6 ജില്ലകളിലെ പ്രളയത്തില്‍ തകര്‍ന്ന 29 അങ്കണവാടികളുടെ പുനരുദ്ധാരണം നടക്കുന്നു.
· ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും പ്രതിമാസം 2000 രൂപ നിരക്കില്‍ 18 മാസക്കാലം സാമ്പത്തിക സഹായം നല്കുന്ന ജനനി ജന്മരക്ഷാ പദ്ധതിയ്ക്ക് 16.5 കോടി അനുവദിച്ചു.
· അട്ടപ്പാടി മേഖലയിലെ സ്ത്രീകളുടേയും കുട്ടികളുടേയും പോഷണ കുറവ് പരിഹരിക്കുന്ന ഭക്ഷ്യ സുരക്ഷാ പദ്ധതിയ്ക്ക് 25 കോടി വകയിരുത്തി.
· സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ ഒഴിവാക്കുന്നതിനുള്ള നിര്‍ഭയ പ്രവര്‍ത്തനങ്ങള്‍ക്ക് 9 കോടിയും ലിംഗ അവബോധത്തിന് 1 കോടി രൂപയും വനിതാ ശാക്തീകരണത്തിന് 14 കോടിയും ഉള്‍പ്പെടെ 24 കോടി അനുവദിച്ചു.
· ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി വകയിരുത്തി.
· അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തി. രണ്ട് ദിവസം പാലും രണ്ട് ദിവസം മുട്ടയും ഉള്‍പ്പെടുത്തും. ഇതിനായി 61.5 കോടി രൂപ വകയിരുത്തി.· സംയോജിത ശിശുവികസന പദ്ധതിയ്ക്കായി 188 കോടി രൂപ അനുവദിച്ചു.
· കോവിഡ് മഹാമാരി മൂലം മാതാപിതാക്കളിലൊരാളോ രണ്ടുപേരോ മരിച്ച കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിന് 2 കോടി രൂപ വകയിരുത്തി.
· ഇടുക്കി ജില്ലയില്‍ ചില്‍ഡ്രന്‍സ് ഹോം ആരംഭിക്കുന്നതിന് 1.30 കോടി അനുവദിച്ചു.