
മനാമ: പൈതൃക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻ അതോറിറ്റി മനാമ സൂഖിൽ 10 ദിവസത്തെ സാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നു. ‘മനാമയിലേക്ക്’ എന്ന പ്രമേയത്തിൽ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഒന്നുവരെയാണ് പരിപാടികൾ നടത്തുന്നത്. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിൽ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകത്തിന്റെ പങ്ക് ഊന്നിപ്പറയുന്ന ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വാണിജ്യ വിപണികളിൽ ഒന്നാണ് മനാമ സൂഖ്.
ബഹ്റൈന്റെ തനത് കരകൗശല ജോലികൾ കുട്ടികൾക്കും യുവതലമുറക്കും പരിചയപ്പെടുത്തുന്നതിനും പരിശീലനം നൽകുന്നതിനുമുള്ള ശിൽപശാലകൾ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കും. ബഹ്റൈൻ കേന്ദ്രീകൃതമായ വിവിധ സെമിനാറുകളും ഈ പരിപാടിയുടെ ഭാഗമായി നടക്കും.
പഴയകാല ബഹ്റൈനി കളികൾ, സംഗീത പരിപാടികൾ, കുട്ടികളുടെ കഥപറച്ചിൽ എന്നിവ ഉൾപ്പെടുന്ന നിരവധി കുട്ടികളുടെ പ്രത്യേക പരിപാടികളും ഇതോടനുബന്ധിച്ച് നടത്തുന്നുണ്ട്. സെപ്റ്റംബർ 22 മുതൽ 24 വരെ സൗദി ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി പാവകളി അരങ്ങേറും. വിവിധ പ്രായക്കാരായ സന്ദർശകരെ ഉദ്ദേശിച്ചുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ബഹ്റൈൻ ടൂറിസം ആന്‍ഡ് എക്സിബിഷൻസ് അതോറിറ്റി സി.ഇ.ഒ ഡോ. നാസർ ഖാഇദി പറഞ്ഞു. കൂടാതെ ഭാവിയിൽ മനാമ സൂക്കിൽ രണ്ട് ടൂറിസം പരിപാടികൾ സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരിപാടികൾ, ഔട്ട്ഡോർ സിനിമ, ഡിസൈൻ മത്സരം എന്നിവ നവംബർ, ഡിസംബർ മാസങ്ങളിൽ നടക്കും.
അടുത്തിടെ മനാമ സൂക്കിൽ “മനാമ ഗോൾഡ് ഫെസ്റ്റിവൽ”, ജനപ്രിയ ഫാഷൻ ഷോ എന്നിവ ഉൾപ്പെടെ നിരവധി പരിപാടികൾ ബഹ്റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി (ബിടിഇഎ) സംഘടിപ്പിച്ചിട്ടുണ്ട്. സൂഖ് ഏരിയയിലെ ഫാമിലി മ്യൂസിയം പ്രോത്സാഹിപ്പിക്കുന്നതിന് കാനൂ കുടുംബവുമായും അതോറിറ്റി സഹകരിക്കുന്നുണ്ട്.
