
ശ്രീനഗര്‍: ജമ്മു കശ്മീരിലെ സാംബയില്‍ ഭീകരവാദികളുടെ നുഴഞ്ഞുകയറ്റശ്രമം പരാജയപ്പെടുത്തി അതിർത്തി രക്ഷാ സേന (ബിഎസ്എഫ്). ഏഴ് ഭീകരരെ വധിച്ചു. ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാഴാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. അന്താരാഷ്ട്ര അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച ഭീകരരെ ബിഎസ്എഫ് വെടിവെച്ചുവീഴ്ത്തുകയായിരുന്നു.
വ്യാഴാഴ്ച, ജമ്മുവിലെ വിവിധ മേഖലകളെ ലക്ഷ്യമാക്കി പാക് സൈന്യം നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ ഇന്ത്യന്‍സേന തകര്‍ത്തിരുന്നു. സിവിലിയന്‍ മേഖലകള്‍, സൈനിക കേന്ദ്രങ്ങള്‍, ജമ്മു വിമാനത്താവളം തുടങ്ങിയവയെ ലക്ഷ്യമാക്കിയായിരുന്നു പാക് നീക്കം. എന്നാല്‍, ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനം പാക് ഡ്രോണുകളെയും അവര്‍ പ്രയോഗിച്ച എട്ട് മിസൈലുകളെയും തരിപ്പണമാക്കി.
ഇതിന് പിന്നാലെയാണ് സാംബ ജില്ലയിലെ അന്താരാഷ്ട്ര അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാകിസ്താന് റേഞ്ചര്‍മാരുടെ സഹായത്തോടെയായിരുന്നു ഭീകരന്മാരുടെ നീക്കം. നുഴഞ്ഞുകയറ്റത്തെ പ്രതിരോധിക്കുന്ന വീഡിയോ ബിഎസ്എഫ് പങ്കുവെച്ചിട്ടുണ്ട്. ഇന്ത്യൻ തിരിച്ചടിയിൽ പാകിസ്താന്റെ സൈനിക പോസ്റ്റിനും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.
