
കോഴിക്കോട്: പയ്യോളിയിൽ ഫുട്ബോൾ താരമായ എട്ടാം ക്ലാസുകാരനെ മറ്റൊരു സ്കൂളിലെ വിദ്യാർത്ഥികൾ ക്രൂരമായി മർദിച്ചു. ചിങ്ങപുരം സി.കെ.ജി.എം. ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്കാണ് മർദനമേറ്റത്.
ഫുട്ബോൾ പരിശീലനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീഡിയോയിൽ തല്ലരുതെന്നും അസുഖമുണ്ടെന്നുമെല്ലാം കുട്ടി അപേക്ഷിക്കുന്നുണ്ടെങ്കിലും ആക്രമണം തുടരുകയായിരുന്നു.
മർദനത്തിൽ കുട്ടിയുടെ കർണപുടം തകർന്നെന്ന് മാതാപിതാക്കൾ പറഞ്ഞു. മൂന്നു മാസത്തേക്ക് കുട്ടിക്ക് വിശ്രമം വേണമെന്നാണ് ഡോക്ടർമാർ നിർദേശിച്ചത്. സംഭവത്തിൽ പോലീസ് നടപടി സ്വീകരിക്കാൻ വൈകിയെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു.
തിക്കോടിയൻ സ്മാരക ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് മർദിച്ചതെന്നാണ് പരാതി. ഈ മാസം ഒന്നിനായിരുന്നു ആക്രമണം. തിക്കോടിയൻ സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബോൾ പരിശീലനത്തിനെത്തിയതായിരുന്നു വിദ്യാർത്ഥികൾ. ഇതിനിടെയുണ്ടായ വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചതെന്ന് അറിയുന്നു.
