കൊച്ചി: എറണാകുളം വടക്കേക്കര കൂട്ടുകാട് ഭാഗത്തുവെച്ച് ബന്ധുവായ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ സഹോദരങ്ങൾ അറസ്റ്റിൽ. ചേന്ദമംഗലം കൂട്ടുകാട് കാരയ്ക്കൽ അനന്തകൃഷ്ണൻ (25), അജയ് കൃഷ്ണൻ (28) എന്നിവരെയാണ് വടക്കേക്കര പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളുടെ പിതൃസഹോദരപുത്രനായ ഹരീഷിനെയാണ് ആക്രമിച്ചത്. സെപ്റ്റംബറിൽ ഹരീഷിന്റെ വിവാഹദിവസം പ്രതികൾ കല്യാണ ഹാളിൽ ബഹളമുണ്ടാക്കിയപ്പോൾ പോലീസിനെ അറിയിക്കും എന്ന് പറഞ്ഞിട്ടുള്ള വിരോധത്തിലായിരുന്നു വധശ്രമം. ഫെബ്രുവരി 4 ന് രാത്രി കൂട്ടുകാട് പള്ളിക്ക് സമീപം കല്യാണം നടക്കുന്ന ഒരു വീട്ടിൽനിന്നും വിളിച്ചിറക്കി പ്രത്യേകമായി നിർമ്മിച്ച ഇരുമ്പുവള കൊണ്ട് മുഖത്തും തലയിലും ഇടിക്കുകയായിരുന്നു.
ഇൻസ്പെക്ടർ കെ.ആർ. ബിജു, സബ് ഇൻസ്പെക്ടർമാരായ വി.എം. റസാഖ്, എം.എസ്. അഭിലാഷ്, എ.എസ്. ഐ. എം.കെ. സുധി സിവിൽ പോലീസ് ഓഫീസർ നവീൻ സി. ജോൺ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പറവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.