
കണ്ണൂർ: മുൻ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്ത സംഭവത്തിൽ പെട്രോൾ പമ്പുടമ പ്രശാന്ത് മുഖ്യമന്ത്രിക്ക് നൽകിയ കൈക്കൂലി പരാതി വ്യാജമെന്ന് സംശയം. പെട്രോൾ പമ്പിനുള്ള പാട്ടക്കരാറിലും കൈക്കൂലി സംബന്ധിച്ച പരാതിയിലും പ്രശാന്തന്റെ ഒപ്പുകൾ വെവ്വേറെയായതാണ് സംശത്തിനിടയാക്കുന്നത്.
പരാതിയിൽ പ്രശാന്തൻ ആരോപിച്ചത് പെട്രോൾ പമ്പിന് എട്ടാം തീയതി എൻ.ഒ.സി. അനുവദിച്ചെന്നാണ്. എന്നാൽ രേഖകൾ പ്രകാരം എ.ഡി.എം. എൻ.ഒ.സി. അനുവദിച്ചത് ഒൻപതാം തീയതി വൈകീട്ട് മൂന്നു മണിക്കാണ്. ഇക്കാര്യവും പരാതി വ്യാജമാണെന്ന സംശയം ബലപ്പെടുത്തുന്നു.
അതേസമയം, നവീന്‍ ബാബുവിന്റെ ആത്മഹത്യയും പെട്രോള്‍ പമ്പിനുള്ള അപേക്ഷയുടെ ഫയല്‍നീക്കവും സംബന്ധിച്ചുള്ള അന്വേഷണ ചുമതലയില്‍നിന്ന് കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ മാറ്റി. മന്ത്രി കെ. രാജന്റെ നിര്‍ദേശപ്രകാരമാണ് റവന്യൂ സെക്രട്ടറി ഈ നടപടി സ്വീകരിച്ചത്. ഉന്നതതല അന്വേഷണത്തിനാണ് റവന്യൂ വകുപ്പ് ഉത്തരവിട്ടിരിക്കുന്നത്. ആറു കാര്യങ്ങളാണ് അന്വേഷിക്കുന്നത്. ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണര്‍ എ. ഗീതയ്ക്കാണ് അന്വേഷണച്ചുമതല. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്കാന് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു.
നവീന്‍ ബാബു കുറ്റക്കാരനല്ലെന്ന് കലക്ടറുടെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നുള്ള വിശദ അന്വേഷണത്തില്‍നിന്നാണ് ഇപ്പോള്‍ കലക്ടറെ മാറ്റിനിര്‍ത്തിയത്.
