മനാമ: ബഹ്റൈനിലെ അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്താനാർബുദ ബോധവത്കരണ പരിപാടികൾ ആരംഭിച്ചു. മെഗാമാർട്ട്, യൂണിലീവർ തുടങ്ങിയവരുടെ സഹകരണത്തോടെ ആരംഭിച്ച പരിപാടി സാറിലെ മാക്രോ മാർട്ടിൽ വെച്ചാണ് നടന്നത്. ബഹ്റൈനിലെ സ്ത്രീകൾക്ക് സ്തനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ എന്തുചെയ്യാനാകുമെന്ന് അവരെ ബോധവത്ക്കരിക്കുക എന്നതായിരുന്നു ഈ കാമ്പെയ്ന്റെ ലക്ഷ്യം.
മെഗാമാർട്ടിന്റെയും മാക്രോമാർട്ടിന്റെയും ശാഖകളിൽ നിന്ന് യൂണിലീവർ ഉത്പന്നങ്ങൾ വാങ്ങുന്നവർക്ക് മൂന്ന് ദിനാർ മൂല്യമുള്ള സൗജന്യ സ്താനാർബുദ പരിശോധന കൂപ്പൺ നൽകും. രണ്ടായിരം കൂപ്പണുകളാണ് ഇങ്ങിനെ നൽകുന്നത്. ഗൈനക്കോളജി, ജനറൽ സർജൻ, ജനറൽ ഫിസിഷ്യൻ കൺസൽട്ടേഷൻ, മാമോഗ്രാം തുടങ്ങിയ പരിശോധനകൾക്ക് സ്ത്രീകൾക് ഈ കൂപ്പൺ ഉപയോഗിക്കാം.
യൂണിലിവറിന്റെ മോഡേൺ ട്രേഡ് തലവനും ഒകെസി ബിസിനസ് മാനേജറുമായ മുഹമ്മദ് മെസ്താരിഹി, അൽ ഹിലാൽ ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സിഇഒ ഡോ ശരത്ത് ചന്ദ്രൻ, മെഗാമാർട്ട്, മാക്രോമാർട്ട് ജനറൽ മാനേജർ അനിൽ നവാനി തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു. സ്താനാർബുദ ബോധവത്കരണ പരിപാടികളുടെ ഭാഗമായി മാമോഗ്രാം, അൾട്രാ സൗണ്ട് പരിശോധനകൾക്ക് അമ്പത് ശതമാനം ഇളവും അൽ ഹിലാൽ ഈ മാസം നൽകുന്നുണ്ട്.
എല്ലാ വർഷവും, സ്തനാർബുദ ബോധവൽക്കരണ മാസത്തിന്റെ ഭാഗമായി, ബഹ്റൈനിലെ സ്ത്രീകളുടെ ജീവൻ രക്ഷിക്കുന്നതിനും ബോധവത്കരണം നൽകുന്നതിനുമായി മറ്റ് സ്ഥാപനങ്ങളുമായി സഹകരിച്ച് അൽ ഹിലാൽ വിവിധ കാമ്പെയ്നുകൾ സംഘടിപ്പിച്ചു വരുന്നു. ഈ മാസം കൂടുതൽ കാമ്പെയ്നുകളിൽ പങ്കെടുക്കാൻ പദ്ധതിയിടുന്നതായി അൽ ഹിലാൽ മാനേജ്മന്റ് അറിയിച്ചു.