മനാമ: ബഹ്റൈനിൽ ഫൈസർ ബയോ എൻടെക്, ആസ്ട്ര സെനക (കോവിഷീൽഡ്) എന്നീ വാക്സിനുകൾ സ്വീകരിച്ച 60 വയസിന് മുകളിലുള്ളവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും ബൂസ്റ്റർ ഡോസ് നൽകുന്നതിനനുമതി നൽകി നാഷണൽ മെഡിക്കൽ ടാസ്ക് ഫോഴ്സ്. ഈ വാക്സിനുകൾ സ്വീകരിച്ച് ആറു മാസം കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. ബൂസ്റ്റർ ഡോസിന് യോഗ്യതയുള്ളവർ ഫൈസർ-ബയോ എൻടെക് വാക്സിനോ അല്ലെങ്കിൽ നേരത്തെയെടുത്ത അതേ വാക്സിനോ ബൂസ്റ്റർ ഡോസായി സ്വീകരിക്കാമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു.
ബൂസ്റ്റർ ഡോസ് പ്രതിരോധശേഷി വർധിപ്പിക്കുന്നു എന്ന് പഠനങ്ങളുടെ അടിസ്ഥാനത്തിൽ കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ഇത് കഠിനമായ അസുഖങ്ങളിൽ നിന്നും മരണത്തിൽ നിന്നും ഉണ്ടാകുന്ന സങ്കീർണതകൾക്കുള്ള സാധ്യത കുറയ്ക്കുന്നു.
ഒക്ടോബർ ഒന്നു മുതൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കേണ്ടവരുടെ ബിവെയർ ആപ്പിന്റെ നിറം ഗ്രീൻ ഷീൽഡിൽ നിന്ന് യെല്ലോ ഷീൽഡായി മാറും. ബൂസ്റ്റർ ഡോസ് സ്വീകരിച്ചതിനു ശേഷം ഇത് പച്ചയാകുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു. ബൂസ്റ്റർ ഡോസിനുള്ള രജിസ്ട്രേഷൻ ഉടൻ ആരംഭിക്കുമെന്നും ഇത് സംബന്ധിച്ച് ഉടൻ അറിയിപ്പുണ്ടാകുമെന്ന് ടാസ്ക് ഫോഴ്സ് അറിയിച്ചു . healthalert.gov.bh എന്ന വെബ്സൈറ്റ് വഴിയും ബിഅവെയർ ആപ് വഴിയും രജിസ്റ്റർ ചെയ്യാം.
വൈറസിനെതിരായ സംരക്ഷണം പരമാവധി വർദ്ധിപ്പിക്കുന്നതിന് വാക്സിനേഷന് കഴിഞ്ഞതായും എന്നിരുന്നാലും, മുൻകരുതൽ നടപടികൾ പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.