മനാമ: സമ്പൂർണ കോവിഡ് പ്രതിരോധം കൈവരിക്കുന്നതിന്റെ ഭാഗമായി ബൂസ്റ്റർ ഡോസ് നൽകുന്നത് ഊർജിതമാക്കി. വാക്സിൻ രണ്ടു ഡോസും സ്വീകരിച്ച് നിശ്ചിത കാലയളവ് പൂർത്തിയാക്കുന്നവർക്കാണ് അധിക ഡോസ് നൽകുന്നത്. ഇത് സ്വീകരിക്കാൻ അർഹരായവരുടെ ബി അവെയർ ആപ്പിലെ ഷീൽഡിന്റെ നിറം പച്ചയിൽനിന്ന് മഞ്ഞയിലേക്ക് മാറും. ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സമയമായെന്ന് ഓർമ്മപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ മാറ്റം. തുടർന്ന്, ബൂസ്റ്റർ ഡോസ് പൂർത്തീകരിച്ചാലാണ് ഷീൽഡ് പച്ചയായി മാറുക.
പൂർണ പ്രതിരോധശേഷി കൈവരിക്കുന്നതിന് ബൂസ്റ്റർ ഡോസ് എടുക്കുന്നത് അനിവാര്യമാണെന്ന് കോവിഡ് പ്രതിരോധ മെഡിക്കൽ സമിതി അറിയിച്ചു. ബൂസ്റ്റർ ഡോസ് എടുത്തവർക്ക് കോവിഡ് ബാധിക്കുന്നത് കുറവാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ വർഷം ജൂലൈ ഒന്നുമുതൽ ഒക്ടോബർ ഒന്നു വരെ കോവിഡ് ബാധിച്ചവരിൽ 52 ശതമാനവും ബൂസ്റ്റർ ഡോസ് സ്വീകരിക്കാത്തവരാണ്.
ബൂസ്റ്റർ ഡോസ് സ്വീകരിച്ചവരിൽ മൂന്നു ശതമാനത്തിന് മാത്രമാണ് രോഗബാധയുണ്ടായത്. ബൂസ്റ്റർ ഡോസിന്റെ പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്. രോഗം കൂടുതൽ തീവ്രമാകുന്നത് തടയാനും ബൂസ്റ്റർ ഡോസ് സഹായിക്കുന്നതായി മെഡിക്കൽ സമിതി ചൂണ്ടിക്കാട്ടി. നിലവിൽ ബഹ്റൈനിൽ നൽകുന്ന എല്ലാ വാക്സിനുകൾക്കും ബൂസ്റ്റർ ഡോസ് ലഭ്യമാണ്. healthalert.gov.bh എന്ന ആരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴിയോ ബി അവെയർ ആപ് വഴിയോ ബൂസ്റ്റർ ഡോസിന് രജിസ്റ്റർ ചെയ്യാവുന്നതാണ്.

സിനോഫാം വാക്സിൻ
18നും 39നും ഇടയിൽ പ്രായമുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് മൂന്നു മാസത്തിനുശേഷം സ്വീകരിക്കാം. സിനോഫാം, ഫൈസർ ബയോൺടെക് എന്നിവയിലൊന്നാണ് ബൂസ്റ്റർ ഡോസായി നൽകുന്നത്. 40ന് മുകളിൽ പ്രായമുള്ളവർക്കും 40ന് താഴെ പ്രയാമുള്ളവരിൽ അമിതവണ്ണം, പ്രതിരോധശേഷിക്കുറവ്, വിട്ടുമാറാത്ത അസുഖമുള്ളവർ എന്നിവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒരു മാസത്തിനുശേഷം.
ഫൈസർ-ബയോൺടെക്
18 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറ് മാസത്തിനുശേഷം ഇതേ വാക്സിൻ തന്നെ ബൂസ്റ്റർ ഡോസായി സ്വീകരിക്കാം.
കോവിഷീൽഡ്-ആസ്ട്രസെനേക്ക
18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം കോവിഷീൽഡ്-ആസ്ട്രസെനക്ക, ഫൈസർ-ബയോൺടെക്ക് എന്നിവയിലൊന്ന് സ്വീകരിക്കാം.
സ്പുട്നിക് വി
18 വയസ്സിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് കഴിഞ്ഞ് ആറു മാസത്തിനുശേഷം സ്പുട്നിക് വി, ഫൈസർ ബയോൺടെക് എന്നിവയിലൊന്ന് സ്വീകരിക്കാം.
