പത്തനംതിട്ട: കോവിഡ് മഹാമാരി സൃഷ്ടിച്ച രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വള്ളസദ്യ ബുക്കിങ് പുനരാരംഭിച്ചു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ രണ്ട് വർഷമായി ചടങ്ങ് മാത്രമായാണ് വള്ളസദ്യ വഴിപാട് നടത്തിയത്. സന്താന സൗഭാഗ്യത്തിനും അഭീഷ്ട കാര്യ സിദ്ധിക്കും മറ്റുമായി നടത്തുന്ന വഴിപാടിനായി കേരളത്തിനകത്തും പുറത്തും നിന്ന് ധാരാളം ഭക്തരാണ് എത്തുന്നത്. 2017 മുതൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വഴിപാട് നടത്തുന്നതിനായി ഭക്തർ എത്തിയിരുന്നു. വൈദികമോ താന്ത്രികമോ ആയ ചടങ്ങുകളിൽ നിന്ന് വ്യത്യസ്ഥമായി പാർഥസാരഥിയായ മഹാവിഷ്ണു ഭക്തിയിൽ അധിഷ്ടിതമാണ് വള്ളസദ്യയുടെ ചടങ്ങുകൾ. പറ തളിക്കുന്നതിന് പോലും നേതൃത്വം നൽകുന്നത് കരനാഥനാണ്. പള്ളിയോടത്തിലെത്തുന്നവരിൽ പാർഥസാരഥി സാന്നിദ്ധ്യമുണ്ട് എന്ന വിശ്വാസത്തിൽ ഭക്തിയോടെ പാടി ചോദിക്കുന്ന വിഭവങ്ങൾ വഴിപാട് നടത്തുന്നവർ നൽകും.
കിഴക്ക് ഇടക്കുളം മുതൽ പടിഞ്ഞാറ് ചെന്നിത്തല വരെയുള്ള 52 കരകളും എല്ലാ വർഷവും ഒരു വള്ളസദ്യയിലെങ്കിലും പങ്കെടുത്തിരുന്നു. മഹാമാരിയെ തുടർന്ന് 2020 ൽ ഒരു പള്ളിയോടത്തിനും 2021 ൽ 3 പള്ളിയോടങ്ങൾക്കും മാത്രമാണ് വള്ളസദ്യ വഴിപാടിൽ പങ്കെടുക്കാൻ കഴിഞ്ഞത്. വിവാഹ സത്കാരങ്ങൾക്ക് ഉൾപ്പെടെ ഇളവ് ലഭിച്ചു തുടങ്ങിയതും ആരാധനാലയങ്ങളിൽ പ്രവേശിക്കുന്നതിന് കൂടുതൽ ഇളവ് ലഭിച്ചതും കണക്കിലെടുത്താണ് അടുത്ത വർഷത്തേക്കുള്ള വള്ളസദ്യ വഴിപാടിനായി ബുക്കിങ്ങ് ആരംഭിച്ചത്. ബുക്കിങ്ങ് തുടങ്ങിയപ്പോൾ തന്നെ നൂറോളം പേരുടെ വള്ളസദ്യ ബുക്കിങ് നിലവിലുണ്ട്. 2022 ഓഗസ്റ്റ് ആദ്യവാരം മുതൽ ഒക്ടോബർ ആദ്യവാരം വരെ വള്ളസദ്യ വഴിപാടുകൾ നടത്താൻ കഴിയും എന്നാണ് പ്രതീക്ഷ.
വള്ളസദ്യ വഴിപാട് ബുക്ക് ചെയ്യാൻ ആഗ്രഹിക്കുന്നവർ പള്ളിയോട സേവാസംഘം ഓഫിസുമായി ബന്ധപ്പെടണം. 8281113010, 0468 2313010.