തിരുവനന്തപുരം: മുംബയ് – തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണിയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഇതൊരു വ്യാജ ബോംബ് ഭീഷണിയാണെന്ന നിഗമനത്തിലാണ് അധികൃതർ. ശുചിമുറിയിലെ ടിഷ്യൂ പേപ്പറിലാണ് ഭീഷണിയെഴുതിയിരിക്കുന്നതെന്നാണ് വിവരം. ഭീഷണിക്കത്ത് ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വിമാനം സുരക്ഷിതമായി തിരുവനന്തപുരത്ത് ലാൻഡ് ചെയ്യുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തിൽ ലാൻഡിംഗിൽ കൂടുതൽ സുരക്ഷ ഒരുക്കിയിരുന്നു.സംഭവത്തിൽ പൊലീസ് അന്വേഷണം ഏറ്റെടുത്തിട്ടുണ്ട്. യാത്രക്കാരിൽ ആരെങ്കിലുമാണോ ഇത്തരമൊരു കത്ത് എഴുതിയതെന്നതിനെക്കുറിച്ച് അന്വേഷണം നടത്തും.
135 യാത്രക്കാരെയും ചോദ്യം ചെയ്തേക്കും. മുംബയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് ലാന്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് വിമാനത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന സന്ദേശം എത്തിയത്. രാവിലെ 8.10നായിരുന്നു വിമാനം ലാൻഡ് ചെയ്യേണ്ടിയിരുന്നത്. ഭീഷണിയുടെ പശ്ചാത്തലത്തിൽ പത്ത് മിനിട്ട് നേരത്തെ ലാൻഡ് ചെയ്തു.