
തിരുവനന്തപുരം: തമ്പാനൂർ റെയിൽവേ സ്റ്റേഷനിലും നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. കേരളാ പോലീസിന്റെ ഫേസ്ബുക്ക് മെസെഞ്ചറിലാണ് സന്ദേശമെത്തിയത്. സന്ദേശം അയച്ചത് തെലങ്കാനയിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തി. ഇരുസ്ഥലങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.
നെടുമ്പാശ്ശേരി വിമാനത്താവളം, തിരുവനന്തപുരം , കൊല്ലം, കോട്ടയം, എറണാകുളം എന്നിവിടങ്ങളിലെ റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ സ്ഥലങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും 36 മണിക്കൂറിനുള്ളിൽ ബോംബ് പൊട്ടുമെന്നുമായിരുന്നു സന്ദേശം. നിലവിൽ സർവീസുകൾ മുടങ്ങിയ സാഹചര്യമില്ലെങ്കിലും വ്യാജഭീഷണിയാണോ എന്നത് പരിശോധിച്ച് വരികയാണ്. ബോംബ് ഭീഷണി നേരിട്ടയിടങ്ങളിൽ സുരക്ഷാ ഏജൻസികൾ പ്രത്യേകയോഗം ചേർന്നു.
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷന് പിൻവശത്തുള്ള ഹോട്ടലിൽ ബോംബ് ഭീഷണിയുണ്ടായിരുന്നെങ്കിലും വ്യാജബോംബ് ഭീഷണിയായിരുന്നുവെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.
