വയനാട്: വെണ്ണിയോട് പുഴയിൽ കാണാതായ അഞ്ചുവയസുകാരി ദക്ഷയുടെ മൃതദേഹം ലഭിച്ചു. കുഞ്ഞുമായി അമ്മ പുഴയിലേക്ക് ചാടിയ വെന്നിയോട് പാത്തിക്കൽ പാലത്തിൽ നിന്ന് രണ്ടുകിലോമീറ്റർ അകലെ കൂടൽ കടവിലാണ് രക്ഷാപ്രവർത്തകർ മൃതദേഹം കണ്ടെത്തിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് ദക്ഷയുമായി അമ്മ ദർശന പുഴയിലേക്ക് ചാടിയത്. ദർശനയെ നാട്ടുകാർ കരയ്ക്ക് എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം മരിച്ചിരുന്നു. വിഷം കഴിച്ചശേഷമായിരുന്നു ഇവർ പുഴയിലേക്ക് ചാടിയത്. കുഞ്ഞുമായി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് കണ്ട സമീപവാസിയായ യുവാവാണ് ദർശനയെ കരയ്ക്കെത്തിച്ചത്.
കുഞ്ഞിനായി നാട്ടുകാരും അഗ്നി രക്ഷാ സേനയും ദേശീയ ദുരന്ത നിവാരണ സേനയും പൊലീസും നാട്ടുകാരും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ദർശന മരിച്ചത്. വിശദ പരിശോധനയിൽ ദർശനയുടെ ഉള്ളിൽ വിഷം ചെന്നിട്ടുള്ളതായി സ്ഥിരീകരിച്ചു. കോട്ടത്തറ പഞ്ചായത്ത് ഓഫീസിന് സമീപത്തെ ജൈന്‍സ്ട്രീറ്റ് അനന്തഗിരി ഓംപ്രകാശിന്റെ ഭാര്യയാണ് മുപ്പത്തിരണ്ടുകാരിയായ ദർശന. നാലുമാസം ഗർഭിണിയായിരുന്നു. കല്‍പ്പറ്റ സെന്റ് ജോസഫ്സ് സ്കൂളിലെ യു.കെ.ജി. വിദ്യാര്‍ത്ഥിനിയാണ് ദക്ഷ. ആത്മഹത്യയിലേക്ക് നയിച്ച കാരണം വ്യക്തമല്ല.