പുതുച്ചേരി: പുതുച്ചേരി മുതിയാൽപേട്ട് ബ്ലോക്കിൽ നിന്നും കാണാതായ ഒമ്പതു വയസ്സുകാരിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. അഴുകിയ നിലയിലാണ് ഒമ്പതു വയസ്സുകാരിയായ ആരതി എന്ന പെണ്‍കുട്ടിയുടെ മൃതദേഹം സോളൈ നഗറിലെ വീടിന് സമീപത്തെ ഓടയില്‍ നിന്നും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ കൈയും കാലും മുണ്ട് കൊണ്ട് കെട്ടിയ നിലയിലാണ്. വായ സ്ട്രാപ് കൊണ്ട് പൊതിഞ്ഞിട്ടുണ്ട്. ബലാത്സംഗം ചെയ്തശേഷം പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതാണെന്നാണ് സംശയം.
മുതിയാൽപേട്ടയിലെ സർക്കാർ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടിയെ മാർച്ച് രണ്ടിന് വൈകുന്നേരമാണ് കാണാതായത്. മാതാപിതാക്കൾ ഉടൻ തന്നെ പോലീസിൽ പരാതി നൽകുകയും പെൺകുട്ടിക്കായി തിരച്ചിൽ നടത്തുകയും ചെയ്തു. സംഭവത്തില്‍ രണ്ട് കൗമാരക്കാര്‍ അടക്കം ഏതാനും പേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോലീസ് അന്വേഷണം ഊർജിതമാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടിയുടെ രക്ഷിതാക്കൾക്കൊപ്പം നാട്ടുകാരും പ്രകടനം നടത്തി. പെൺകുട്ടിയുടെ ദാരുണ മരണത്തിൽ അനുശോചിച്ച് പെൺകുട്ടി പഠിച്ച സ്കൂൾ അവധി പ്രഖ്യാപിച്ചു.