ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.
ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്.സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസ് സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ഉടൻ സ്ഥലത്തെത്തും.