
മനാമ: ഫെബ്രുവരി 18ന് ബഹ്റൈനി ബോട്ട് കൊള്ളയടിച്ച സായുധ സംഘം ഇറാനി കടല്‍ക്കൊള്ളക്കാരാണെന്ന് ബോട്ടില്‍ സഞ്ചരിച്ചിരുന്ന മൂന്നു പേര് മൊഴി നല്‍കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ബോട്ട് ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയില്‍നിന്ന് ഇറാനിയന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയാണ് കൊള്ള നടത്തിയത്. ഏകദേശം മൂന്നു മണിക്കൂറിനു ശേഷം അവരെ ബഹ്റൈന്‍ സമുദ്രാതിര്‍ത്തിയിലേക്ക് തിരിച്ചയച്ചു.
ഇറാനിയന്‍ കൊള്ളക്കാര്‍ നടത്തിയ സമാനമായ സംഭവങ്ങള്‍ ഒന്നിലധികം തവണ ഉണ്ടായിട്ടുണ്ടെന്ന് കോസ്റ്റ് ഗാര്‍ഡിന്റെ കൈവശമുള്ള രേഖകളില്‍ പറയുന്നു.
ഈ സംഭവം അന്താരാഷ്ട്ര സമുദ്ര നിയമത്തിന്റെ ലംഘനമാണെന്നും ഇക്കാര്യത്തില്‍ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ബഹ്റൈന്‍ അവകാശമുണ്ടെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.


