ബഹറിൻ മീഡിയ സിറ്റി സംഘടിപ്പിക്കുന്ന 21 ദിവസം നീണ്ടുനിൽക്കുന്ന സ്രാവണ മഹോത്സവം 2022 ന് സെപ്റ്റംബർ 1 വ്യാഴാഴ്ച വൈകിട്ട് 7.30 -ന് തിരശ്ശീല ഉയരും. ബി എം സി ഓഡിറ്റോറിയത്തിലാണ് ഓഫ്ലൈനായും ഓൺലൈനായും പരിപാടികൾ അരങ്ങേറുക. ബഹറിനിലെ ചെറുതും വലുതുമായ വിവിധസംഘടനകളുമായി ചേർന്നുകൊണ്ടാണ് 21 ദിവസത്തെ ശ്രാവണ മഹോത്സവം സംഘടിപ്പിച്ചിരിക്കുന്നത് എന്ന് മീഡിയ സിറ്റി യുടെ ചെയർമാൻ ഫ്രാൻസിസ് കൈതാരത്ത് ബി എം സി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന വാർത്താസമ്മേളനത്തിൽ പറഞ്ഞു.

അതിവിശിഷ്ട വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൈറ്റിൽ സോങ്, തിരുവാതിര, ഓണത്തുമ്പികൾ എന്ന പേരിലുള്ള മ്യൂസിക് നൈറ്റ് എന്നിവ ഉണ്ടാകും. മുൻവർഷം ഇന്ത്യൻ ക്ലബ്, ഐ വൈ സി സി, ഡി എം സി, പാൻ ബഹറിൻ, മുഹറക്ക് മലയാളി സമാജം, FED ബഹറിൻ, കായംകുളം അസോസിയേഷൻ, അനന്തപുരി അസോസിയേഷൻ, PACT, ചാവക്കാട് അസോസിയേഷൻ, എസ് എൻ സി എസ്, സംസ്കൃതി ബഹറിൻ, എൻഎസ്എസ്, നവകേരള തുടങ്ങി 18 സംഘടനകളാണ് പങ്കെടുത്തത്. ഈ വർഷം പരിപാടികളുടെ സുഗമമായ നടത്തിപ്പിന് പ്രോഗ്രാം കമ്മിറ്റി ചെയർമാനായി പ്രവാസികൾക്ക് പ്രിയങ്കരനായ ഡോക്ടർ പി വി ചെറിയാൻ, ജനറൽ കൺവീനറായി പ്രവീഷ് പ്രസന്നൻ, ജോയിൻ കൺവീനർ ആയി അൻവർ നിലമ്പൂർ, കൂടാതെ ബി എം സി ടീം അംഗങ്ങളും പ്രവർത്തിക്കും.

സാമ്പത്തികമായി വിഷമാവസ്ഥയിൽ ആയിരിക്കുന്ന ലോക്കൽ അസോസിയേഷനുകൾക്ക് സ്രാവണ മഹോത്സവം 2022 വലിയ ഒരു അനുഗ്രഹം ആയിരിക്കുമെന്നും ഉത്സവത്തോടനുബന്ധിച്ച് ആയിരത്തിലധികം തൊഴിലാളികൾക്ക് സൗജന്യമായി ഓണസദ്യ വിളമ്പാനും പദ്ധതിയുണ്ടെന്ന് സ്രാവണ മഹോത്സവം 2022 കമ്മിറ്റി ചെയർമാൻ ഡോക്ടർ പി വി ചെറിയാൻ പറഞ്ഞു. ഇരുന്നൂറോളം പേർക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയവും ഓണ സദ്യക്കായി ഒരുക്കുന്ന പ്രത്യേക സൗകര്യങ്ങളും മികച്ചതായിരിക്കും എന്നും ലോകത്തുള്ള ഏത് അതിഥിയെയും സ്ക്രീനിൽ കൊണ്ടുവരുവാൻ കഴിയുമെന്നും സംഘാടകർ പറഞ്ഞു. വിശദവിവരങ്ങൾക്ക് 33478000, 33314029, 36617657, 38096845 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
