മനാമ : ഓണാഘോഷങ്ങളുടെ 7 ആം ദിവസമായ ഇന്ന് ബുധൻ ഡാൻസ് , ഓ എൻ വി കവിതകളെ ആസ്പദമാക്കിയുള്ള കവിതാശില്പം ആരവം ബാൻഡ് അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ എന്നിവയുണ്ടാകും. ഇന്നലെ നടന്ന വ്യത്യസ്ത പരിപാടികളായ ചിങ്ങനിലാവ്, കൃഷ്ണാഹരേ എന്നീ നൃത്തശില്പങ്ങളും തിരുവോണപ്പുലരി എന്ന സംഗീത പരിപാടിയും വളരെ ആകര്‍ഷണീയമായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സ്വാതിതിരുനാൾ എന്ന കഥാപ്രസംഗം കാണികൾക്ക് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് നടന്ന പരമ്പരാഗത വസ്ത്രധാരണ മത്സരം വളരെ വാശിയേറിയ രീതിയിലായിരുന്നു നടന്നത്. നിറഞ്ഞ കയ്യടികളോടെയാണ് ഓരോ മത്സരാർത്ഥിയെയും കാണികൾ വരവേറ്റത്.
ബി കെ എസ് ഏർപ്പെടുത്തിയ ഇൻഡോ ബഹ്റൈൻ ഫ്രണ്ട്ഷിപ് അവാർഡ് ജേതാവായ സ്വദേശി ബിസിനസ്സുകാരനായ ഖാലിദ് ജുമാനെ ആദരിക്കുന്നത് വ്യാഴാഴ്ചയാണ്. ബോളിവുഡിൽ നിന്നുള്ള പ്രശസ്തരായ നർത്തകൻ നീരവ് ബെൽവെച്ചയും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടിയാണ് അന്നത്തെ പ്രധാന കലാപരിപാടി. ഓണാഘോഷം രണ്ടാം ഘട്ടത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് വെള്ളിയാഴ്ച (27 നു) കേരളം പ്രതിപക്ഷ നേതാവ് ശ്രീ. രമേശ് ചെന്നിത്തല മുഘ്യഥിതിയായി പങ്കെടുക്കുന്ന ചടങ്ങിൽ സാമൂഹ്യപ്രതിബദ്ധതയുള്ള ബഹ്റൈനിലെ അറിയപ്പെടുന്ന രണ്ടു സംരംഭകരായ സി പി വർഗ്ഗീസിനെ ബി കെ എസ് ഔട്സ്റ്റാന്ഡിങ് എൻ ആർ ഐ അവാർഡ് നൽകിയും അബ്ദുൽ മജീദ് തെരുവത്തിനെ ബി കെ എസ് ബിസിനസ്സ് ഐക്കോൺ അവാർഡ് നൽകിയും ആദരിക്കും. അന്നേ ദിവസം കെ എസ് ചിത്ര ഹരിശങ്കർ ടിനി, വിജിത ശ്രീജിത് എന്നിവർ നയിക്കുന്ന സംഗീതവിരുന്നും ഉണ്ടായിരിക്കും.