ബെംഗളൂരു∙ ജെഡിഎസ് ബിജെപിയുമായി സഖ്യം രൂപീകരിച്ചത് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ സമ്മതത്തോടെയെന്ന് ജെഡിഎസ് ദേശീയ അധ്യക്ഷൻ ദേവെഗൗഡയുടെ പരാർശം സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്നു. ബിജെപിയുമായി മുന്നോട്ടുപോകാൻ കേരള മുഖ്യമന്ത്രി പിണറായി വിജയൻ പൂർണ സമ്മതം അറിയിച്ചിട്ടുണ്ടെന്നായിരുന്നു ദേവെഗൗഡയുടെ അവകാശവാദം. ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതിനെ എതിർത്ത കർണാടക പ്രസിഡന്റ് സി.എം.ഇബ്രാഹിമിനെ പുറത്താക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് ഇക്കാര്യം ദേവെഗൗഡ പറഞ്ഞത്.
ഇടതു സർക്കാരിൽ മന്ത്രിയായ കെ.കൃഷ്ണൻകുട്ടിയും ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിന് അനുകൂലമാണ്. തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാന ഘടകങ്ങളുടെ അനുമതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് ബിജെപിക്കൊപ്പം പോകാനുള്ള സാഹചര്യം ഇവർക്ക് ബോധ്യപ്പെട്ടു. അതുകൊണ്ടാണ് അവർ പിന്തുണയ്ക്കുന്നത്. പാർട്ടിയെ രക്ഷിക്കാനാണ് ബിജെപിയുമായി സഖ്യം രൂപീകരിച്ചതെന്ന് പിണറായി വിജയന് ബോധ്യപ്പെട്ടുവെന്നും ദേവെഗൗഡ പറഞ്ഞു. എന്നാൽ, ബിജെപി സഖ്യത്തിനുള്ള തീരുമാനം അംഗീകരിക്കില്ലെന്ന് ദൾ കേരള ഘടകം പ്രസിഡന്റ് മാത്യു ടി.തോമസും മന്ത്രി കൃഷ്ണൻകുട്ടിയും ഈ മാസമാദ്യം ബെംഗളൂരുവിലെത്തി ദേവെഗൗഡയെ അറിയിച്ചിരുന്നു. പാർട്ടി നേരിടുന്ന പ്രതിസന്ധി സിപിഎമ്മിനെയും എൽഡിഎഫ് നേതൃത്വത്തെയും ബോധ്യപ്പെടുത്തണമെന്നും സംസ്ഥാന ഭാരവാഹി യോഗം തീരുമാനിച്ചു.