
തിരുവനന്തപുരം: ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് സ്ഥാനത്ത് കെ. സുരേന്ദ്രന് തുടരാന്‍ സാധ്യത. അഞ്ചു വര്‍ഷം പൂര്‍ത്തിയായ മണ്ഡലം, ജില്ലാ പ്രസിഡന്റുമാര്‍ക്ക് വീണ്ടും മത്സരിക്കാമെന്ന് കേന്ദ്ര നിരീക്ഷക അറിയിച്ചതോടെയാണ് സുരേന്ദ്രന് തുടരുമെന്ന സൂചന വന്നത്.
സുരേന്ദ്രന് നേതൃത്വത്തില്‍ തുടരാന്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ പിന്തുണ നിര്‍ണായകമാണ്. സൂചന ലഭിച്ചതോടെ സുരേന്ദ്രന് വിരുദ്ധ ചേരിയിലുള്ള നേതാക്കള്‍ എതിര്‍പ്പ് സൂചനയും നല്കി.
ഇന്നലെ രാത്രി നടന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് കേന്ദ്ര നേതൃത്വത്തിന്റെ നിലപാട് നിരീക്ഷകയായ വാനതി ശ്രീനിവാസന് അറിയിച്ചത്. ഇതോടെ എതിര്‍പ്പറിയിച്ച് ചില നേതാക്കള്‍ ഓണ്‍ലൈന്‍ യോഗത്തില്‍നിന്ന് ലെഫ്റ്റ് അടിച്ച് ഇറങ്ങിപ്പോയി. സുരേന്ദ്രന് ഒരു ടേം കൂടി സംസ്ഥാന പ്രസിഡന്റായി തുടരാനുള്ള സാധ്യതയെക്കുറിച്ച് നേരത്തെ പാര്‍ട്ടിക്കകത്ത് ചര്‍ച്ചകള്‍ നടന്നതാണ്.
മൂന്നു വര്‍ഷത്തെ ഒന്നാം ടേമിനു ശേഷം രണ്ടു വര്‍ഷം കൂടി സുരേന്ദ്രനെ സംസ്ഥാന പ്രസിഡന്റ് പദവിയില്‍ നിയമിച്ചിരുന്നു. എന്നാല്‍ ഇതു രണ്ടാം ടേമായി കണക്കാക്കാനാവില്ലെന്നാണ് ഓണ്‍ലൈന്‍ യോഗത്തില്‍ കേന്ദ്ര നിരീക്ഷക വ്യക്തമാക്കിയത്. ഇതിനെതിരെ പാര്‍ട്ടിയിലെ സുരേന്ദ്രന് വിരുദ്ധ ചേരി രംഗത്തെത്തിയിട്ടുണ്ട്. കൃഷ്ണദാസ് പക്ഷമാണ് ഓണ്‍ലൈന്‍ യോഗത്തില്‍ എതിര്‍പ്പറിയിച്ചത്.
