തിരുവനന്തപുരം: തിരുവനന്തപുരം എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ തീരമേഖലയില്‍ വോട്ടിന് പണം നല്‍കുന്നുവെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ശശി തരൂർ. പലരും അങ്ങനെ പറയുന്നത് താൻ അങ്ങനെ കേട്ടുവെന്നാണ് പറഞ്ഞത്. കേട്ട കാര്യം കേട്ടു എന്നത് എങ്ങനെ പറയാതിരിക്കും. രാജീവ് ചന്ദ്രശേഖർ പണം നൽകിയെന്നതിന് തന്റെ കൈയിൽ തെളിവുണ്ടെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നും തന്റെ ഒരാരോപണമായിട്ടല്ല ഉന്നയിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ പ്രതികരിച്ചത്.
താൻ എന്താണ് പറഞ്ഞതെന്ന് വീഡിയോ കണ്ടാൽ മനസ്സിലാകും. വോട്ടിന് പണം നൽകുന്നുവെന്ന് എന്നോട് പലരും പറഞ്ഞു. നാട്ടിൽ മൊത്തം അങ്ങനെയൊരു സംസാരമുണ്ട്. എന്നോട് പറഞ്ഞവർ പോലും പബ്ലിക്കായി തുറന്ന് പറയുമെന്ന് തോന്നുന്നില്ല. പക്ഷേ താൻ കേട്ടിട്ടുണ്ടെന്നത് സത്യമാണെന്നും ശശി തരൂർ പറഞ്ഞു.
അതേസമയം, തനിക്കെതിരെ ആരോപണം ഉന്നയിച്ച ശശി തരൂരിനെതിരെ നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി. തനിക്കെതിരെ അസത്യ പ്രചാരണം നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് എൻഡിഎ സ്ഥാനാർത്ഥി വക്കീൽ നോട്ടീസ് അയച്ചത്. വൈദികർ ഉൾപ്പെടെയുള്ളവർക്ക് പണം നൽകി വോട്ടർമാരെ സ്വാധീനിക്കുന്നുവെന്ന പ്രസ്താവന ശശി തരൂർ പിൻവലിക്കണമെന്നാണ് ആവശ്യം. പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ആവശ്യമുയർന്നു. വിഷയത്തിൽ ഇലക്ഷൻ കമ്മീഷനെയും സമീപിച്ചു.
രാജീവ് ചന്ദ്രശേഖര്‍ അയച്ച വക്കീൽ നോട്ടീസിന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂർ മറുപടി നൽകി. വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ല. രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ തെറ്റിദ്ധാരണ മൂലമോ മനപൂർവ്വമോ ആരോപണം ഉന്നയിക്കുകയാണെന്നാണ് ശശി തരൂർ അയച്ച മറുപടിയില്‍ പറയുന്നത്.
അതേസമയം, വക്കീൽ നോട്ടീസിന് ശശി തരൂർ മറുപടി നൽകിയിരുന്നു. വോട്ടർമാർക്ക് എന്‍ഡിഎ സ്ഥാനാര്‍ത്ഥി പണം നൽകി എന്ന് പറഞ്ഞിട്ടില്ലെന്നും രാജീവ് ചന്ദ്രശേഖരന്റെ പേരോ പാർട്ടിയുടെ പേരോ പരാമർശിച്ചിട്ടില്ലെന്നും തെറ്റിദ്ധാരണ മൂലമോ മനപൂർവ്വമോ ആരോപണം ഉന്നയിക്കുകയാണെന്നുമായിരുന്നു ശശി തരൂർ മറുപടിയിൽ പറഞ്ഞത്.