
പാലക്കാട്: ബി.ജെ.പി. യുവനേതാവ് സന്ദീപ് വാര്യർ കോൺഗ്രസിൽ ചേർന്നു. ബി.ജെ.പി. നേതൃത്വത്തോട് ഇടഞ്ഞാണ് പാർട്ടിമാറ്റം.
കോൺഗ്രസ് നേതാക്കളുടെ വാർത്താസമ്മേളനം നടക്കുന്നതിനിടെയാണ് മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ സന്ദീപ് വേദിയിലേക്കെത്തിയത്. നേതാക്കൾ കൈ കൊടുത്തും ഷാൾ അണിയിച്ചും ആലിംഗനം ചെയ്തും സ്വീകരിച്ചു. വേദിയിൽ നേതാക്കളുടെ കൂട്ടത്തിൽ സന്ദീപിന് ഇരിപ്പിടം നൽകി. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി തുടങ്ങിയവർ വാർത്താസമ്മേളനത്തിലുണ്ടായിരുന്നു.
സന്ദീപ് സി.പി.എമ്മിലേക്കു പോകുമെന്ന അഭ്യൂഹം ശക്തമായിരിക്കെ സി.പി.ഐയുമായി സന്ദീപ് ചർച്ച നടത്തിയെന്നും നേരത്തെ വാർത്തയുണ്ടായിരുന്നു. ഇതിനിടെയാണ് അപ്രതീക്ഷിതമായി കോൺഗ്രസിലേക്ക് ചേക്കേറിയത്. ബി.ജെ.പിയുമായി മാനസികമായി അകന്ന സന്ദീപ് തിരിച്ചുവരാൻ സാധ്യത കുറവാണെന്ന നിഗമനത്തിലായിരുന്നു പാർട്ടി സംസ്ഥാന നേതൃത്വം.ആർ.എസ്.എസ്. നേതാവ് ജയകുമാർ അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
