മേലൂർ: കർണാടകയിലെ ഹിജാബ് നിരോധന വാർത്തയ്ക്ക് പിന്നാലെ ഹിജാബുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങൾ. തമിഴ്നാട്ടിലും ഹിജാബിനെ ചൊല്ലി തർക്കങ്ങൾ അരങ്ങേറുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ബൂത്തിൽ വോട്ട് രേഖപ്പെടുത്താനെത്തിയ മുസ്ലിം സ്ത്രീകളോട് ഹിജാബ് അഴിച്ച് മാറ്റിയ ശേഷം വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് ബൂത്ത് ഏജന്റ്. ബി.ജെ.പി ബൂത്ത് ഏജന്റ് ആണ് വോട്ട് ചെയ്യാനെത്തിയ സ്ത്രീകളോട് ഹിജാബ് അഴിക്കാൻ ആവശ്യപ്പെട്ടത്.
തമിഴ്നാട്ടിലെ മേലൂർ നഗരസഭയിലെ എട്ടാം വാർഡിലെ അൽ-അമീൻ സ്കൂൾ പോളിങ് ബൂത്തിൽ ആണ് സംഭവം. വോട്ട് ചെയ്യണമെങ്കിൽ തലയിലെ ഹിജാബ് അഴിച്ച് കളയണം എന്ന ആവശ്യവുമായി ബൂത്ത് ഏജന്റ് ഗിരിനാഥൻ സ്ഥലത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. വോട്ട് ചെയ്യാനെത്തിയ മുസ്ലിം സ്ത്രീകളെ ഇയാൾ ഇതിനനുവദിച്ചതും ഇല്ല. സ്ത്രീകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടാണെന്ന് ആരോപിച്ചായിരുന്നു ഇയാൾ ബഹളമുണ്ടാക്കിയത്. കുറച്ച് സമയത്തേക്ക് വോട്ടിംഗ് തടസപ്പെട്ടു.
എന്നാൽ, ബൂത്തിൽ ഉണ്ടായിരുന്ന ഡി.എം.കെ, എ.ഐ.എഡി.എം.കെ ഏജന്റുമാർ ഉൾപ്പെടെയുള്ള മറ്റ് പാർട്ടി ഏജന്റുമാരും ഉദ്യോഗസ്ഥരും ഗിരിനാഥനെതിരായിരുന്നു. ഗിരിനാഥനെ എത്രയും പെട്ടന്ന് പോളിങ് ബൂത്തിൽ നിന്ന് മാറ്റണമെന്ന് ഇവർ ആവശ്യപ്പെട്ടു. പിന്നീട്, ബി.ജെ.പി ഏജന്റിനെ പോളിംഗ് സ്റ്റേഷനിൽ നിന്ന് മാറ്റിയ ശേഷമാണ് വോട്ടെടുപ്പ് പുനഃരാരംഭിച്ചത്. സംഭവത്തെ തുടർന്ന് പോളിങ് ബൂത്തിൽ പൊലീസ് സുരക്ഷ ശക്തമാക്കി. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.
അതേസമയം, ഗിരിനാഥനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ മേലൂർ ബസ് സ്റ്റാൻഡിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തു. 20 അജ്ഞാതരായ സ്ത്രീകളെങ്കിലും ഹിജാബ് ധരിച്ച് ഒരേ സമയം പോളിങ് ബൂത്തിൽ എത്തിയിരുന്നതായി പാർട്ടി കേഡർ അറിയിച്ചതായി വാർഡ് മെമ്പർ സ്ഥാനത്തേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥി ഗിരിനാഥന്റെ അമ്മ ആർ.അംസവേണി അവകാശപ്പെട്ടു. കള്ളവോട്ട് പോൾ ചെയ്യുന്നതിനാലാണ് മകൻ ഇക്കാര്യം ഉന്നയിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. ഗിരിനാഥനെ റിമാൻഡ് ചെയ്തു.