തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളിൽ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തിൽ ജില്ലകൾക്ക് ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആശങ്കയുടെ ആവശ്യമില്ല, പക്ഷേ ശ്രദ്ധാലുവായിരിക്കണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാൻ മുൻകരുതലുകൾ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യവകുപ്പ് പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും രോഗബാധിത പ്രദേശങ്ങളിലുള്ളവരിൽ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യവകുപ്പ് സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നും ഈ പ്രദേശങ്ങളിലെ ആളുകൾക്ക് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഡോക്ടറെ അറിയിക്കണമെന്നും നിർദ്ദേശിച്ച മന്ത്രി ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും സംയുക്തമായി നടത്തുന്ന പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്നും അഭ്യർത്ഥിച്ചു.
പക്ഷികളിൽ കാണപ്പെടുന്ന ഒരു പകർച്ചവ്യാധിയാണ് ഏവിയൻ ഇൻഫ്ലുവൻസ. ഇതൊരു വൈറൽ രോഗമാണ്. ഇത് പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്നു. ഇത് സാധാരണയായി പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്നില്ല. എന്നാൽ അപൂർവമായി, പക്ഷിപ്പനി വൈറസിന് ഒരു ഘട്ടത്തിൽ മനുഷ്യരിലേക്ക് പകരാൻ കഴിയുന്ന വിധത്തിൽ പരിവർത്തനം ചെയ്യാൻ കഴിയും.