
തൃശ്ശൂർ: തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലിലെ ആറ് ബിജെപി കൗൺസിലർമാർ അഞ്ച് ലക്ഷം രൂപ പിഴയൊടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. കോർപ്പറേഷൻ്റെ ഗസ്റ്റ് ഹൗസായ ബിനി ഹോട്ടൽ സ്വകാര്യ വ്യക്തികൾക്ക് വാടകയ്ക്ക് നൽകിയതിന് എതിരെയായിരുന്നു ഹർജി. അനാവശ്യ ഹർജി നൽകി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്ക് കാരണം.
തൃശ്ശൂർ കോർപ്പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. നേരത്തെ ഉണ്ടായി ഉണ്ടായിരുന്ന സ്വകാര്യ വ്യക്തിയെ ഒഴിവാക്കി പുതിയ ടെണ്ടർ ക്ഷണിച്ചപ്പോൾ സ്വകാര്യവ്യക്തികളുടെ കൂട്ടായ്മ ഈ ഗസ്റ്റ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി. കോർപറേഷൻ വഴിവിട്ട് സഹായം ചെയ്തെന്നും ഗസ്റ്റ് ഹൗസ് കോർപറേഷൻ ഏറ്റെടുക്കണമെന്നും ബിജെപി. കൗൺസിലർമാർ വാദിച്ചു. പക്ഷേ, ഈ വാദം ഹൈക്കോടതി തള്ളി. ബിജെപിയുടെ ആറ് കൗൺസിലർമാരും അഞ്ച് ലക്ഷം രൂപ വീതം പിഴയൊടുക്കണം. മാത്രവുമല്ല, ഇവർക്ക് വേണ്ടി ഹാജരായ തൃശൂരിലെ അഭിഭാഷകൻ അഞ്ചു ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ഉത്തരവിട്ടു. ബിനി ഹെറിറ്റേജിന് എതിരെ കോർപറേഷൻ കൗൺസിലിലും പുറത്തും ബിജെപി വലിയ പ്രക്ഷോഭങ്ങൾ നടത്തിയിരുന്നു. പിഴയൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ബിജെപിയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയാണ്.
