കൊച്ചി: ബിനീഷ് കോടിയേരിയുടെ ബിനാമി ബന്ധങ്ങൾ ഉറപ്പിക്കാനുള്ള അന്വേഷണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). മറ്റുപലരുടേയും പേരിൽ കമ്പനികളുണ്ടെന്നും അതിലൊന്നാണ് തിരുവനന്തപുരം ആസ്ഥാനമായ യു.എ.എഫ്.എക്സ്. സൊലൂഷൻസ് പ്രൈവറ്റ് ലിമിറ്റഡെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. വിസ സ്റ്റാമ്പിങ് സുഗമമാക്കാൻ യു.എ.ഇ. കോൺസുലേറ്റ് കരാറിൽ ഏർപ്പെട്ട സ്ഥാപനമാണ് യു.എ.എഫ്.എക്സ്. ഈ കമ്പനിയെ തിരഞ്ഞെടുത്തതിന് തനിക്ക് കമ്മിഷൻ ലഭിച്ചതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് വ്യക്തമാക്കിയിരുന്നു. എന്നാൽ, സ്ഥാപനവുമായുള്ള ബന്ധം ചോദ്യംചെയ്യലിൽ ബിനീഷ് നിഷേധിച്ചു. സ്ഥാപനയുടമ അബ്ദുൾ ലത്തീഫുമായി സൗഹൃദമുണ്ടെന്നു സമ്മതിച്ചു. തിരുവനന്തപുരത്തെ ഒരു ഹോട്ടൽ ബിസിനസിൽ ഇരുവർക്കും പങ്കാളിത്തമുള്ളത് ഇ.ഡി. കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ അബ്ദുൾ ലത്തീഫിന്റെ കാർ ഉപയോഗിക്കുന്നതിനു പിന്നിലും സൗഹൃദത്തിൽ കവിഞ്ഞൊന്നുമില്ലെന്നായിരുന്നു ബിനീഷിന്റെ മറുപടി. ഇരുവരും തമ്മിലുള്ള പണമിടപാടുകളെക്കുറിച്ച് വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് ഇ.ഡി.
ബെംഗളൂരുവിൽ തുടങ്ങി പൂട്ടിപ്പോയ ബിനീഷിന്റെ കമ്പനികൾവഴി കാര്യമായ പണമിടപാടുകളൊന്നും നടന്നിട്ടില്ലെന്നാണ് അന്വേഷണസംഘം
കണ്ടെത്തിയിരിക്കുന്നത്. വിദേശനാണ്യ വിനിമയ കമ്പനി തുടങ്ങിയെങ്കിലും പ്രവർത്തനത്തിന് റിസർവ് ബാങ്കിന്റെ രജിസ്ട്രേഷൻ എടുത്തിട്ടില്ല. ആർ.ബി.ഐ. അനുമതിയില്ലാതെ പ്രവർത്തിക്കാനുമാവില്ല. ഇത്തരം കമ്പനികൾ ഇടപാടുകളുമായി ബന്ധപ്പെട്ട് എട്ടോളം രേഖകൾ സൂക്ഷിക്കുകയും മൂന്നുമാസത്തിലൊരിക്കൽ ആർ.ബി.ഐ.ക്ക് റിപ്പോർട്ട് നൽകുകയും വേണം. ബിനീഷിന്റെ കമ്പനി ഈ രീതിയിലുള്ള ഒരു റിപ്പോർട്ടും സമർപ്പിച്ചിട്ടില്ല