തിരുവനന്തപുരം: നടനും എംഎൽഎയുമായ മുകേഷും ഭാര്യയും നർത്തകിയുമായ മേതിൽ ദേവികയും തമ്മിലുള്ള വിവാഹമോചന വാർത്തയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. മേതിൽ ദേവിക എട്ടുവർഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാൻ വക്കീൽ നോട്ടീസ് അയച്ചതായി വാർത്തകൾ വന്നതിന് പിന്നാലെ മുകേഷിനെതിരെ ഗാർഹിക പീഡനത്തിന് കേസെടുക്കണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ ശരിയാണെങ്കിൽ എം.മുകേഷിന് എതിരെ ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ സംസ്ഥാന പോലീസ് വകുപ്പ് തയ്യാറാകണം. ജനപ്രതിനിധി കൂടിയായ മുകേഷിന് എതിരെ സ്വമേധയാ കേസ് എടുക്കാൻ സംസ്ഥാന വനിതാ കമ്മീഷനും തയ്യാറാകണം – ബിന്ദു കൃഷ്ണ ഫേസ്ബുക്കിൽ കുറിച്ചു.
ഭാര്യ എന്ന നിലയിൽ എം.മുകേഷിനെ അത്രത്തോളം സംരക്ഷിച്ച ഒരു വ്യക്തിയെയാണ് അദ്ദേഹം വളരെ മോശമായ രീതിയിൽ കൈകാര്യം ചെയ്തിരിക്കുന്നത്. സ്ത്രീ സംരക്ഷണത്തെക്കുറിച്ച് വായതോരാതെ സംസാരിക്കുന്ന ഇടതുപക്ഷ സർക്കാർ എം. മുകേഷിന് എതിരെ നിയമനടപടികൾ സ്വീകരിക്കാൻ തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.
