ബീഹാർ: ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാർ യുവാവിനെ തലകീഴായി കെട്ടിത്തൂക്കി ക്രൂരമായി മര്‍ദിച്ചു. ബീഹാറിലെ കതിഹാറിലാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ഗ്രാമവാസികൾ ബൈക്ക് മോഷണം ആരോപിച്ച് മർദിച്ചത്. സമൂഹ മാധ്യമങ്ങളിൽ സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോ ശ്രദ്ധയിൽപ്പെട്ട പൊലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്നും മർദിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും SDPO പ്രേംനാഥ് റാം പറഞ്ഞു.
കതിഹാറിലെ കരൺപൂർ ഭാഗത്ത് നിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഒരു ബൈക്ക് മോഷണം പോയിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സുമൻ കുമാർ റായ് ആണ് മോഷണത്തിന് പിന്നിലെന്ന് വ്യക്തമായതായി നാട്ടുകാർ പറയുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സുമൻ കുമാർ റായ് എന്ന യുവാവിനെ ആള്‍ക്കൂട്ടം മർദിച്ചത്.
