തിരുവനന്തപുരം: രാജ്യത്തെ ആഭ്യന്തര വാഹന ഭീമനും ഏറ്റവും പഴക്കം ചെന്ന ബിസിനസ് സ്ഥാപനങ്ങളിലൊന്നുമായ ടാറ്റ ഗ്രൂപ്പിന് പശ്ചിമ ബംഗാളിലെ ഭൂമി കേസില്‍ വൻ വിജയം. സിംഗൂർ ഭൂമി തർക്കത്തിലാണ് ടാറ്റയ്ക്ക് വൻ വിജയം ലഭിച്ചത്. പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ കാര്‍നിര്‍മാണശാല പൂട്ടാന്‍ നിര്‍ബന്ധിതമായതിന് സംസ്ഥാനസര്‍ക്കാര്‍ ടാറ്റ മോട്ടോഴ്സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നല്കാൻ ആര്ബിട്രേഷന് ട്രിബ്യൂണല്‍ വിധിച്ചു. 2016 സെപ്റ്റംബര്‍മുതല്‍ 11 ശതമാനം പലിശസഹിതമാണ് മൂന്നംഗ ട്രിബ്യൂണല്‍ നഷ്ടപരിഹാരം അനുവദിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍നടന്ന പ്രക്ഷോഭത്തെത്തുടര്‍ന്ന് സിംഗൂരില്‍ തങ്ങളുടെ ചെറുകാര്‍പദ്ധതിയുടെ പ്ളാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്ടത്തിന് ഇടയാക്കിയെന്നുകാണിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ടാറ്റ മോട്ടോഴ്സിന് അനുകൂലമായ ഈ സുപ്രധാനവിധി. വെസ്റ്റ് ബംഗാള്‍ ഇന്‍ഡസ്ട്രിയല്‍ ഡിവലപ്മെന്റ് കോര്പ്പറേഷന് നഷ്ടപരിഹാരം നല്‍കണമെന്നാണ് ട്രിബ്യൂണലിന്റെ ഏകകണ്ഠമായ വിധിയില്‍ പറയുന്നതെന്ന് ടാറ്റ മോട്ടോഴ്സ് നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
മുൻ ഇടതുപക്ഷ സർക്കാരായിരുന്നു പശ്ചിമ ബംഗാളിലെ സിംഗൂരിൽ ടാറ്റ മോട്ടോഴ്സിന്റെ നാനോ പ്ലാന്റിന് അനുമതി നൽകിയത്. ഈ അനുമതി പ്രകാരം ബംഗാളിൽ ഈ ഭൂമിയിൽ രത്തൻ ടാറ്റയുടെ സ്വപ്ന പദ്ധതിയായ (രത്തൻ ടാറ്റ) നാനോയുടെ നിർമ്മാണത്തിനായി ഒരു ഫാക്ടറി സ്ഥാപിക്കേണ്ടതായിരുന്നു. അപ്പോൾ പ്രതിപക്ഷത്തായിരുന്നു മമത ബാനർജിയും തൃണമൂല്‍ കോണ്‍ഗ്രസും. ഇടതുപക്ഷ സർക്കാരിന്റെ നയങ്ങൾക്ക് എതിരായിരുന്നു അന്ന് തൃണമൂല്‍. ഈ പദ്ധതിയെ എതിർക്കുകയായിരുന്നു. ഇതിന് ശേഷം മമല ബാനർജി സർക്കാർ രൂപീകരിച്ചപ്പോൾ അധികാരത്തിലെത്തിയ ഉടൻ ടാറ്റ ഗ്രൂപ്പിന് വലിയ തിരിച്ചടി നൽകി.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി അധികാരമേറ്റയുടൻ, നാനോ പ്ലാന്റ് സ്ഥാപിക്കാൻ ടാറ്റ മോട്ടോഴ്സ് ഏറ്റെടുത്ത ഏകദേശം 1000 ഏക്കർ സിംഗൂർ ഭൂമി 13,000 കർഷകർക്ക് തിരികെ നൽകാൻ നിയമം കൊണ്ടുവരാൻ തീരുമാനിച്ചു ഈ സംഭവത്തിന് ശേഷം ടാറ്റ മോട്ടോഴ്സിന് അവരുടെ നാനോ പ്ലാന്റ് പശ്ചിമ ബംഗാളിൽ നിന്ന് ഗുജറാത്തിലേക്ക് മാറ്റേണ്ടി വന്നു.
ഈ പദ്ധതിക്ക് കീഴിലുള്ള മൂലധന നിക്ഷേപ നഷ്ടത്തിന് പശ്ചിമ ബംഗാളിലെ വ്യവസായ, വാണിജ്യ, എന്റർപ്രൈസ് വകുപ്പിന്റെ പ്രധാന നോഡൽ ഏജൻസിയായ ഡബ്ല്യുബിഐഡിസിയിൽ നിന്ന് നഷ്ടപരിഹാരം നൽകുന്നതിനായി ടാറ്റ മോട്ടോഴ്സ് ഒരു ക്ലെയിം സമർപ്പിച്ചിരുന്നു. തുടര്‍ന്ന് മൂന്നംഗ ട്രൈബ്യൂണൽ കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്സിന് അനുകൂലമായി വിധി പുറപ്പെടുവിക്കുകയായിരുന്നു. പശ്ചിമ ബംഗാൾ ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ നിന്ന് 765.78 കോടി രൂപ തിരിച്ചുപിടിക്കാൻ ടാറ്റ മോട്ടോഴ്സിന് ഇപ്പോൾ സാധിക്കും. 2016 സെപ്റ്റംബർ 1 മുതൽ WBIDC-യിൽ നിന്ന് യഥാർത്ഥ വീണ്ടെടുക്കൽ വരെ പ്രതിവർഷം 11 ശതമാനം പലിശയും ഇതിൽ ഉൾപ്പെടുന്നു.
രത്തൻ ടാറ്റയുടെ ഈ സ്വപ്ന പദ്ധതി ടാറ്റ ഗ്രൂപ്പ് 2006 മെയ് 18 ന് പ്രഖ്യാപിച്ചു. അന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു രത്തൻ ടാറ്റ ഏതാനും മാസങ്ങൾക്കുശേഷം, പ്ലാന്റ് സ്ഥാപിക്കുന്നതിനായി ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത ഭൂമിയെച്ചൊല്ലി പ്രശ്നം ആരംഭിച്ചു. 2006 മെയ് മാസത്തിൽ ടാറ്റ ഗ്രൂപ്പ് നിർബന്ധിതമായി ഭൂമി ഏറ്റെടുത്തു എന്നാരോപിച്ച് കർഷകർ വൻ പ്രതിഷേധം സംഘടിപ്പിച്ചു. തുടർന്ന് കർഷകർക്കൊപ്പം മമത ബാനർജിയും ഈ പ്രകടനത്തിൽ പങ്കെടുത്തു. വിഷയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച് മമത ബാനർജിയും അന്ന് നിരാഹാര സമരം നടത്തിയിരുന്നു.
ശക്തമായ എതിർപ്പിനെത്തുടർന്ന് 2008 ഒക്ടോബർ 3-ന് ടാറ്റ ഗ്രൂപ്പിന്റെ അന്നത്തെ ചെയർമാനായിരുന്ന രത്തൻ ടാറ്റ കൊൽക്കത്തയിൽ വാർത്താസമ്മേളനം വിളിക്കുകയും സിംഗൂരിൽ നിന്ന് നാനോ പദ്ധതി പിൻവലിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. നാനോ പദ്ധതി മാറ്റിയതിന് പിന്നിൽ മമതാ ബാനർജിയുടെ നേതൃത്വത്തിലുള്ള തൃണമൂൽ കോൺഗ്രസിന്റെ നീക്കത്തെ രത്തൻ ടാറ്റ നേരിട്ട് കുറ്റപ്പെടുത്തി. ഇതിനുശേഷം നാനോ ഫാക്ടറി ഗുജറാത്തിലെ സാനന്ദിലേക്ക് മാറ്റി.