രാജ്യത്തെ മുൻനിര ഇ-കൊമേഴ്സ് കമ്പനികളിലൊന്നായ ആമസോണിൽ വീണ്ടും വൻ ഓഫർ വിൽപന. ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ആദായവിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രദർശിപ്പിച്ചു തുടങ്ങി. ഇലക്ട്രോണിക്സ്, ഫാഷൻ, സൗന്ദര്യവർധക വസ്തുക്കൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപന്നങ്ങൾക്ക് വൻ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്. ചില വിഭാഗങ്ങളിൽ 80 ശതമാനം വരെയാണ് ഇളവുകൾ പ്രതീക്ഷിക്കുന്നത്.
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയുടെ തിയതികൾ പ്രഖ്യാപിച്ചിട്ടില്ല. തിയതികൾ പ്രഖ്യാപിച്ചതിനു ശേഷമായിരിക്കും കൂടുതൽ ഓഫർ വിവരങ്ങൾ പുറത്തുവിടുക. സ്മാർട് ഫോണുകൾ, സ്മാർട് ടിവി, ലാപ്ടോപ്പുകൾ, സ്മാർട് വാച്ചുകൾ, വയർലെസ് ഇയർബഡുകൾ, മറ്റെല്ലാ ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവയ്ക്കെല്ലാം ആമസോൺ വലിയ കിഴിവ് നൽകുമെന്നാണ് വെബ്സൈറ്റിലെ ഔദ്യോഗിക ടീസറിൽ കാണിക്കുന്നത്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്കൊപ്പം 10 ശതമാനം അധിക കിഴിവ് നൽകുന്നതിനായി എച്ച്ഡിഎഫ്സി ബാങ്കുമായാണ് ആമസോൺ സഹകരിക്കുന്നത്. ആമസോൺ പേ ഐസിഐസിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്കും ഇളവ് ലഭിക്കും. ബജാജ് ഫിൻസെർവ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾക്ക് 1 ലക്ഷം രൂപ വരെ നോ കോസ്റ്റ് ഇഎംഐ ഓഫർ ചെയ്യുന്നുണ്ട്. ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപനയുടെ ഭാഗമായി ആമസോൺ 25,000 രൂപ വരെ എക്സ്ചേഞ്ച് ഇളവുകളും നൽകും. ആമസോൺ പ്രൈം അംഗങ്ങൾക്ക് ഒരു ദിവസം മുൻപ് തന്നെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലേക്ക് പ്രവേശനം ലഭിക്കും. പ്രൈം അംഗമാകാൻ മൂന്ന് മാസത്തേക്ക് 329 രൂപയും ഒരു വർഷത്തേക്ക് 999 രൂപയും നൽകേണ്ടതുണ്ട്.
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ 40 ശതമാനം വരെ കിഴിവോടെ വിവിധ ഇലക്ട്രോണിക്സ് ആക്സസറികൾ ആമസോണിൽ ലഭ്യമാകും. എക്കോ, കിൻഡിൽ, ഫയർ ടിവി എന്നിങ്ങനെയുള്ള ആമസോൺ ഉൽപന്നങ്ങളുടെ മുഴുവൻ ശ്രേണിയും ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ 2021 ൽ പ്രതീക്ഷിക്കാം. വിൽപനയ്ക്കിടെ ആമസോണിലൂടെ എക്സ് ക്ലൂസീവ് ലോഞ്ചുകളും നടക്കും. സ്മാർട് ടിവികൾക്കും മറ്റ് വീട്ടുപകരണങ്ങൾക്കും വൻ വിലക്കിഴിവാണ് പ്രതീക്ഷിക്കുന്നത്.
