മലപ്പുറം : കരിപ്പൂര് വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ സ്വർണം (gold) പിടികൂടി. 3.71 കോടി രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ലഗേജ് കൊണ്ട് വരുന്ന കാർഡ് ബോർഡ് പെട്ടിയുടെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചു കടത്തുന്നതിനിടെയാണ് മൂന്ന് പേർ പിടിയിലായത്.
പേസ്റ്റ് രൂപത്തിലാക്കിയാണ് കാർഡ് ബോർഡിന്റെ ചട്ടക്കുള്ളിൽ സ്വർണമൊളിപ്പിച്ചത്. കോഴിക്കോട് വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ്, ഓർക്കാട്ടേരി സ്വദേശി നാസർ എന്നിവരാണ് പിടിയിലായത്. അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെയിലാണ് തൃശൂർ വെളുത്തറ സ്വദേശി നിതിൻ ജോർജ്, കാസർകോട് മംഗൽപാടി സ്വദേശി അബ്ദുൽ ഖാദർ എന്നിവരും കരിപ്പൂർ എയർ ഇന്റലിജൻസ് യൂണിറ്റിൻറെ പിടിയിലായത്.