തിരുവനന്തപുരം: തിരുവനന്തപുരത്ത് കരമനയില്‍ വൻ തീപിടുത്തം. പി.ആർ.എസ് ആശുപത്രിക്ക് സമീപമാണ് തീപിടുത്തമുണ്ടായത്.
ആക്രികടയിലെ ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാരാണ് അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചത്.

അഗ്നിരക്ഷാസേനയെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. കിളളിപ്പാലത്ത് നിന്ന് ബണ്ട് റോഡിലേക്കുള്ള ഗതാഗതം പൂർണമായും നിരോധിച്ചു.

തീ കൂടുതൽ ആളി പടരുകയാണ്. ഫയർഫോഴ്സും പോലീസും നാട്ടുകാരും തീയണയ്ക്കാൻ നേതൃത്വം നൽകുന്നുണ്ട്.

ഇലക്ട്രിക് ഉപകരണങ്ങളും ടയറുകളും കത്തുന്നതിനാല്‍ പ്രദേശത്ത് കറുത്ത പുകപടലം നിറഞ്ഞിരിക്കുകയാണ്. തൊട്ടടുത്ത ആശുപത്രിയിലേക്കും വീടുകളിലേക്കും പുകനിറഞ്ഞ നിലയിലാണ്.

സമീപത്തെ കടകൾ അടയ്ക്കാൻ പോലീസ് നിർദ്ദേശം നൽകി. ആളുകളെ രണ്ടു വശത്തേക്കും മാറ്റിയിട്ടുണ്ട്. ജനവാസ മേഖലയിലാണ് വൻ തീപിടുത്തം ഉണ്ടായത്. ഇലക്ട്രിക് പോസ്റ്റും ലൈനും തീപിടച്ചതോടെ ജനം പരിഭ്രാന്തരായി.

ആക്രിക്കടയില്‍ നിന്നും ചെറിയ രീതിയില്‍ പുക ഉയരുന്നത് കണ്ടതോടെ നാട്ടുകാര്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. എന്നാല്‍ ചെറിയ ഫയര്എഞ്ചിനുമായി എത്തിയ സേനയ്ക്ക തീ അണയ്ക്കാന്‍ സാധിച്ചില്ല.

പത്ത് മിനിറ്റിനകം വെള്ളം തീര്‍ന്നതോടെ അഗ്നിരക്ഷാ സേന തിരികെ പോയി. പിന്നീട് പതിനഞ്ച് മിനിറ്റിനു ശേഷമാണ് മൂന്ന് യൂണിറ്റ് എത്തി രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചത്. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ ഫയര്‍ഫോഴ്സ് യൂണിറ്റ് എത്തിക്കൊണ്ടിരിക്കുകയാണ്.
