പാലക്കാട്: പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് മിനിലോറിയിൽ കടത്താൻ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിൽ മുഖ്യവിൽപ്പനക്കാരനായ ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി വെങ്കടേശ്ശരലു റെഡ്ഡി, ഡ്രൈവറും സഹായിയും ആയ തമിഴ്നാട് സേലം സ്വദേശി വിനോദ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു വരുന്നുവെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് പാർസലുകൾ അടുക്കി വച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചു വെക്കുകയായിരുന്നു.കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പാലക്കാട് എസ്.പി സുജിത് ദാസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്.


