ബെംഗളൂരു: ബെംഗളൂരു കെ.ആര്. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന വ്യാജേനയെത്തി സ്വര്‍ണം കവര്‍ന്ന സംഭവത്തില്‍ പിടിയിലായവരില്‍ രണ്ടുപേര്‍ മലയാളികള്‍. എറണാകുളം ആലുവ സ്വദേശി സമ്പത്ത് കുമാര്‍ എന്ന മാധവന് (55), തൃശ്ശൂര്‍ പരിയാരം സ്വദേശി ജോഷി തോമസ് എന്നിവരാണ് പിടിയിലായ മലയാളികള്‍. കവര്‍ച്ച ആസൂത്രണം ചെയ്തത് സമ്പത്ത് കുമാറാണെന്ന് പോലീസ് പറഞ്ഞു. ഉത്തര്‍പ്രദേശ് സ്വദേശികളായ സന്ദീപ്, അവിനാശ് എന്നിവരേയും കഴിഞ്ഞദിവസം പോലീസ് പിടികൂടിയിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് കെ.ആര്. പുരത്തെ ജൂവലറിയില്‍ ബി.ഐ.എസ്. ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി ഇവരെത്തിയത്. സ്വര്‍ണാഭരണങ്ങളുടെ ഗുണനിലവാരത്തെക്കുറിച്ച് ഉപഭോക്താക്കളില്‍നിന്ന് പരാതികളുണ്ടെന്നും സ്വര്‍ണത്തിന്റെ നിലവാരം പരിശോധിക്കണമെന്നുമാവശ്യപ്പെട്ട് ഒരു കിലോയോളം സ്വര്‍ണം ഇവര്‍ കൈക്കലാക്കുകയായിരുന്നു. പിന്നീട് ഉടമയ്ക്ക് ചെന്നൈയിലെ ബി.ഐ.എസ്. ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടുള്ള വ്യാജ നോട്ടീസും നല്‍കിയാണ് സംഘം ജൂവലറിയില്‍നിന്ന് ഇറങ്ങിയത്.
സംശയം തോന്നിയ ജൂവലറി ജീവനക്കാരന് പിന്തുടര്‍ന്നതോടെ ഭയന്ന ഇവര്‍ അതിവേഗത്തില്‍ കാറോടിച്ച് രക്ഷപ്പെടുകയായിരുന്നു. ഇതോടെ യഥാര്‍ഥ ബി.ഐ.എസ്. ഉദ്യോഗസ്ഥരല്ലെന്ന് തിരിച്ചറിഞ്ഞ ജൂലവറി ഉടമ പോലീസിനെ വിവരമറിയിച്ചു. സമ്പത്ത് കുമാര്‍ മാണ്ഡ്യയില്‍ നടന്ന ഒരു കവര്‍ച്ചയുമായി ബന്ധപ്പെട്ട് നേരത്തേ ജയിലിലായിരുന്നതായി പോലീസ് അറിയിച്ചു.