
ബെംഗളൂരു: നഗരത്തില്‍ വ്യത്യസ്ത കേസുകളിലായി ആറരക്കോടി രൂപയുടെ ലഹരിമരുന്ന് പിടികൂടി. വിവിധ കേസുകളിലായി ഒന്‍പത് മലയാളികളെയും ഒരു വിദേശ പൗരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് ലക്ഷക്കണക്കിന് രൂപയും മൊബൈല്‍ഫോണുകളും വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു.
ബെംഗളൂരുവില്‍ എന്‍ജിനീയറായ മലയാളിയായ ജിജോ പ്രസാദ്(25) എന്നയാളില്‍നിന്ന് ഒരു കിലോ ഹൈഡ്രോ കഞ്ചാവാണ് ആദ്യം പിടികൂടിയത്. ഇയാളുടെ ബൊമ്മസാന്ദ്രയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ രണ്ടരക്കിലോ ഹൈഡ്രോ കഞ്ചാവ് കൂടി കണ്ടെടുത്തു. വീട്ടില്‍നിന്ന് 26.06 ലക്ഷം രൂപയും മൊബൈല്‍ഫോണും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഇയാളില്‍നിന്ന് പിടികൂടിയ ഹൈഡ്രോ കഞ്ചാവിന് ഏകദേശം നാലരക്കോടി രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ കൂട്ടാളിക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു.
ബെംഗളൂരുവില്‍ എന്‍ജിനീയറായി ജോലിചെയ്യുന്ന ജിജോ പ്രസാദ് കേരളത്തില്‍നിന്നാണ് കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ ബെംഗളൂരുവിലേക്ക് എത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. ഹൈഡ്രോ കഞ്ചാവ് ഗ്രാമിന് 12,000 രൂപ വരെ ഈടാക്കിയാണ് വില്‍പ്പന നടത്തിയിരുന്നത്. ബൊമ്മസാന്ദ്രയിലെ വാടകവീട് കേന്ദ്രീകരിച്ചാണ് ലഹരിമരുന്ന് വില്‍പ്പന നടന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
മറ്റൊരു കേസില്‍ 110 ഗ്രാം എംഡിഎംഎയുമായി മലയാളികളായ എട്ടുപേരെയും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഇവരില്‍നിന്ന് 10 മൊബൈല്‍ഫോണുകള്‍, ടാബ്, ത്രാസ്, രണ്ട് കാറുകള്‍ എന്നിവയും പിടിച്ചെടുത്തു.
രണ്ടുകോടി രൂപയുടെ എംഡിഎംഎയുമായി ഒരു വിദേശപൗരനും ബെംഗളൂരു സെന്‍ട്രല്‍ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. 2012-ല്‍ ബിസിനസ് വിസയില്‍ ഇന്ത്യയിലെത്തിയ നൈജീരിയന്‍ പൗരനാണ് അറസ്റ്റിലായത്. ബെംഗളൂരു ബേഗൂര്‍ സ്റ്റേഷന് പരിധിയില്‍ താമസിച്ചിരുന്ന ഇയാള്‍ കോളേജ് വിദ്യാര്‍ഥികള്‍ക്കും ഐടി ജീവനക്കാര്‍ക്കുമാണ് ലഹരിമരുന്ന് വിറ്റിരുന്നത്. വിസാ കാലാവധി കഴിഞ്ഞിട്ടും വ്യാജരേഖകള്‍ ഉപയോഗിച്ചാണ് ഇയാള്‍ ഇന്ത്യയില്‍ താമസിച്ചുവന്നിരുന്നതെന്നും പോലീസ് പറഞ്ഞു.
