കൊച്ചി: സര്‍ക്കാര്‍ ഏജന്‍സിയായ ഒഡിഇപിസി വഴി ബെല്‍ജിയത്തിലേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിനായി എത്തിയ ബെല്‍ജിയം സംഘം എറണാകുളം മെഡിക്കല്‍ കോളേജിലെ ഐസിയു സംവിധാനത്തേയും ഡയാലിസിസ് സംവിധാനത്തേയും പ്രകീര്‍ത്തിച്ചു. രോഗീപരിചരണവും പ്രൊഫഷണലിസവും അഭിനന്ദനാര്‍ഹമാണെന്ന് സംഘം പറഞ്ഞു. എറണാകുളം മെഡിക്കല്‍ കോളേജ് ആശുപത്രി സന്ദര്‍ശന വേളയിലാണ് ബെല്‍ജിയം സംഘം ആശുപത്രി സംവിധാനങ്ങള്‍ വിലയിരുത്തിയത്. ആശുപത്രിയുടെ പശ്ചാത്തല സംവിധാനം നഴ്സുമാരുടെ പരിശീലനം എന്നിവ ആശുപത്രി സൂപ്രണ്ട് ഡോ. ഗണേഷ് മോഹനുമായി സംഘം ചര്‍ച്ച ചെയ്തു. ഈ റിക്രൂട്ട്മെന്റിന്റെ ഭാഗമായി നഴ്സുമാര്‍ക്ക് 6 മാസത്തേക്ക് ഡച്ച് ഭാഷയില്‍ പരിശീലനം നല്‍കും. ഇതിന്റെ ഭാഗമായിട്ടായിരുന്നു കോയന് ബാല്സിയന്റെ (Koen Balcaen, Director UZLeuven hospital) നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനം.
നഴ്സുമാരുടെ പരിശീലനങ്ങള്ക്കുള്പ്പെടെ ബെല്‍ജിയം സംഘത്തിന് ആരോഗ്യ വകുപ്പ് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആരോഗ്യ മേഖലയിലെ സംവിധാനവും പരിശീലനവും സംഘം പ്രകീര്‍ത്തിച്ചത് അഭിനന്ദനാര്‍ഹമാണ്. ആരോഗ്യ മേഖലയിലെ അഭിമാനമാണ് നഴ്സുമാര്‍. കേരളത്തിലെ നഴ്സുമാരുടെ സേവന സന്നദ്ധതയും പ്രഫൊഷണലിസവും സമീപനവുമാണ് ലോകത്തിന് സ്വീകാര്യമാക്കുന്നത്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ തൊഴിലവസരം ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
