
മനാമ: കോവിഡ് സേവനങ്ങൾക്കായി ബഹ്റൈൻ തുടങ്ങിയ ബി അവെയർ മൊബൈൽ ആപ്പിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തും. ആരോഗ്യ വിവരങ്ങൾക്ക് പുറമെ ജനന സർട്ടിഫിക്കറ്റും പാസ്പോർട്ട് വിവരങ്ങളും അടക്കമുള്ള വ്യക്തിഗത വിവരങ്ങൾ കൂടി മൊബൈൽ ആപ്പിൽ ലഭ്യമാക്കാനാണ് തീരുമാനം. ഈവർഷം അവസാനത്തോടെ സേവനം ലഭ്യമാകും. കോവിഡ് 19 സംബന്ധിച്ച സേവനങ്ങൾക്കായി ആരംഭിച്ച ബി അവെയർ ബഹ്റൈൻ മൊബൈൽ ആപ്ലിക്കേഷനിൽ കൂടുതൽ സേവനങ്ങൾ ഉൾപ്പെടുത്തിയാണ് വിപുലീകരിക്കുന്നതെന്ന് ഇൻഫർമേഷൻ & ഇ ഗവൺമെന്റ് അതോറിറ്റി വ്യക്തമാക്കി.
ഡിജിറ്റൽ ഗവൺമെന്റ് ഡോക്യുമെന്റുകൾ, ഹെൽത്ത് അപ്പോയിന്റ്മെന്റുകൾ, മൈ ഹെൽത്ത് കാർഡുകൾ എന്നിവ അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. ഐഡി കാർഡ്, പാസ്പോർട്ട്, ജനനസർട്ടിഫിക്കറ്റ്, ഡ്രൈവിങ് ലൈസൻസ്, വാഹന രജിസ്ട്രേഷൻ തുടങ്ങിയ ഡിജിറ്റൽ രേഖകൾ ബി അവെയർ ആപ്പിൽ ലഭ്യമാക്കും. ആപ്പിലെ ഡിജിറ്റൽ രേഖകൾ സർക്കാർ ഓഫിസുകളിൽ അംഗീകരിക്കും. കോപ്പിയിലുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്ത് സർട്ടിഫിക്കറ്റിന്റെ സാധുത സ്ഥിരീകരിക്കാനും കഴിയും. മൈ ഹെൽത്ത് കാർഡ്, മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ് എന്നീ ഫീച്ചറുകളും ആപ്പിൽ ഉൾപ്പെടുത്തും. മൈ ഹെൽത്ത് കാർഡ് എന്ന ഫീച്ചറിൽ കോവിഡ്-19 വാക്സിനേഷൻ വിവരങ്ങൾ അടക്കമുള്ളവ ഉണ്ടാകും. ഹെൽത്ത് സെന്ററുകളിലെയും സർക്കാർ ആശുപത്രികളിലെയും അപ്പോയിൻമെന്റുകൾ ഓർമിപ്പിക്കുന്ന സംവിധാനമാണ് മൈ മെഡിക്കൽ അപ്പോയിൻമെന്റ്സ്.
രാജ്യത്ത് കോവിഡ് ബാധിതരായി ക്വാറന്റീനിൽ കഴിയുന്നവരെ നിരീക്ഷിക്കാൻ 2020ൽ ആരംഭിച്ചതാണ് ബി അവെയർ ബഹ്റൈൻ ആപ്. പിന്നീട്, വാക്സിനേഷനുള്ള രജിസ്ട്രേഷൻ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്, പി.സി.ആർ ടെസ്റ്റ് സർട്ടിഫിക്കറ്റ്, ടെസ്റ്റിനുള്ള അപ്പോയിൻമെന്റ് തുടങ്ങിയ സേവനങ്ങളും ആപ് മുഖേന ലഭ്യമാക്കിയിരുന്നു.
