ന്യൂ ഡൽഹി: രാഹുൽ ഗാന്ധിയെ ലോക്സഭാ അംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിനെ തുടർന്ന് വയനാട് ലോക്സഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരുക്കങ്ങൾ തുടങ്ങി. കേരള എൻ.ഡി.എയിലെ സഖ്യകക്ഷിയായ ബി.ഡി.ജെ.എസ് വയനാട് സീറ്റ് ആവശ്യപ്പെട്ടു. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ വയനാട് സീറ്റിൽ ബി.ഡി.ജെ.എസ് സ്ഥാനാർത്ഥി മത്സരിക്കുമെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന.
ഡൽഹിയിലുള്ള ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ഇക്കാര്യത്തിൽ ചർച്ച നടത്തും. ബി.ഡി.ജെ.എസ് നേതാക്കൾ ജെ.പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ തുഷാർ വെള്ളാപ്പള്ളി മത്സരിച്ചിരുന്നു.