രോഗികളുടെയും ആരോഗ്യ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി ശക്തമായ മുൻകരുതൽ നടപടികളാണ് ബഹ്റൈൻ സ്വീകരിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി ഐസൊലേഷൻ ചികിത്സയ്ക്കായി പോർട്ടബിൾ ചേംബറുകൾ സജ്ജീകരിച്ചു. ബിഡിഎഫ് മിലിട്ടറി ഹോസ്പിറ്റലിലാണ് ബഹറിനിൽ ആദ്യമായി ഇത്തരം ഉപകരണങ്ങൾ സ്ഥാപിച്ചത്.
ബിഡിഎഫ് അത്യാഹിത വിഭാഗം എല്ലാ രോഗികളെയും വിഷ്വൽ ട്രിയേജ് വഴി പരിശോധിക്കുകയും കോവിഡ് സംശയിക്കുന്നവരെ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു ഐസൊലേഷൻ ചേംബറിലേക്കു മാറ്റുകയും ചെയ്യുന്നു. ഇതിൽ മറ്റ് രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഏർപ്പെടുത്തിയിരിക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും ഉൾപ്പെടുന്നു. നെഗറ്റീവ് മർദ്ദം, ബാക്ടീരിയകളെയും വൈറസുകളെയും കൊല്ലുന്ന യുവി ലൈറ്റ് ഹെപ്പ ഫിൽട്ടർ, പൂർണ്ണമായും സജ്ജീകരിച്ച ഐസിയു ബെഡ് എന്നിവ ഉൾപ്പെടെ സ്റ്റാൻഡേർഡ് ഐസോലേഷൻ റൂമുകളിൽ ലഭ്യമായ മെഡിക്കൽ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്നതാണ് അത്യാധുനിക പോർട്ടബിൾ ഐസോലേഷൻ ചേംബർ.
വൈറസ് പകരുന്നത് ലഘൂകരിക്കാനും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും നിലനിർത്താനുമുള്ള ശ്രമത്തിന്റെ ഭാഗമായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്ക്ഫോഴ്സ് ഡെപ്യൂട്ടി ചെയർമാൻ മേജർ ജനറൽ പ്രൊഫസർ എസ്. ഖാലിദ് ബിൻ അലി അൽ ഖലീഫയും ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ ജനറൽ കമാൻഡരും പുറപ്പെടുവിച്ച നിർദേശങ്ങൾക്കനുസൃതമായിട്ടാണ് ചേംബർ സജ്ജീകരിച്ചിരിക്കുന്നത്.