മനാമ: ഹൂത്തികൾ നടത്തിയ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരായ ലെഫ്റ്റനന്റ് മുബാറക് ഹഷെൽ സായിദ് അൽ കുബൈസി, കോർപ്പറൽ യാഖൂബ് റഹ്മത്ത് മൗലായ് മുഹമ്മദ് എന്നിവരുടെ മൃതദേഹങ്ങൾ ബഹ്റൈൻ ഡിഫൻസ് ഫോഴ്സിന്റെ (ബിഡിഎഫ്) കമാൻഡർ-ഇൻ-ചീഫ് ഫീൽഡ് മാർഷൽ ഷെയ്ഖ് ഖലീഫ ബിൻ അഹമ്മദ് അൽ ഖലീഫ ഏറ്റുവാങ്ങി.
സൈനികരുടെ മൃതദേഹങ്ങൾ റോയൽ ബഹ്റൈൻ എയർഫോഴ്സ് സൈനിക വിമാനത്തിൽ തിങ്കളാഴ്ചയാണ് ഇസ എയർ ബേസിൽ എത്തിയത്. സൗദി അറേബ്യയുടെ തെക്കൻ അതിർത്തിയിൽ നിലയുറപ്പിച്ച ബഹ്റൈൻ സേനയ്ക്ക് നേരെ ആളില്ലാ യുദ്ധ വ്യോമ വാഹനങ്ങൾ (യുസിഎവി) ഉപയോഗിച്ച് ഹൂത്തികൾ നടത്തിയ ഭീകരാക്രമണത്തിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്.
രാജാവിന്റെ മിലിട്ടറി ഓഫീസ് മേധാവി ഷെയ്ഖ് അബ്ദുല്ല ബിൻ സൽമാൻ അൽ ഖലീഫ, സായുധ സേനയുടെ സുപ്രീം കമാൻഡർ ലെഫ്റ്റനന്റ് ജനറൽ അബ്ദുല്ല ബിൻ ഹസൻ അൽ നുഐമി, പ്രതിരോധ കാര്യ മന്ത്രി ലെഫ്റ്റനന്റ് ജനറൽ തിയാൻ ബിൻ സഖർ അൽ നുഐമി, ചീഫ് ഓഫ് സ്റ്റാഫ്, മുതിർന്ന ബിഡിഎഫ് ഓഫീസർമാർ എന്നിവർ സന്നിഹിതരായിരുന്നു.