മനാമ: ഇൻ്റർനാഷണൽ ബിസിനസ് വുമൺ ബി 2 ബി എക്സിബിഷൻ ഫോറം ജനുവരി 12 മുതൽ 15 വരെ ഫോർ സീസൺസ് ഹോട്ടൽ ബഹ്റൈൻ ബേയിൽ വെച്ച് നടക്കും.
ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഭാര്യയും സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡബ്ല്യു) പ്രസിഡൻ്റുമായ സബീക്ക ബിൻത് ഇബ്രാഹിം അൽ ഖലീഫ രാജകുമാരിയുടെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ ഗൾഫ്, അറബ്, അന്താരാഷ്ട്ര ബിസിനസ് സമൂഹങ്ങളിൽനിന്നുള്ള വിപുലമായ പങ്കാളിത്തം ഉണ്ടായിരിക്കുമെന്ന് സംഘാടകരായ ബഹ്റൈൻ ബിസിനസ് വുമൺസ് സൊസൈറ്റി(ബിംബി.എസ്)യുടെ പ്രസിഡൻ്റ് അഹ്ലം ജനാഹി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ബഹ്റൈൻ ആതിഥേയത്വം വഹിക്കുന്ന ഉയർന്ന തലത്തിലുള്ള പ്രാദേശിക, അന്തർദേശീയ പരിപാടികളുടെ ഭാഗമാണ് എക്സിബിഷൻ ഫോറം. ബിസിനസിൽ സ്ത്രീകളുടെ പങ്കിനെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിൻ്റെ ശ്രമങ്ങളെ ഇത് പ്രതിഫലിപ്പിക്കുന്നു. ബിസിനസിലെ സ്ത്രീകളുടെ, പ്രത്യേകിച്ച് ഈ മേഖലയിലെ പുതുമുഖങ്ങളുടെ പ്രൊഫഷണൽ വികസനം പ്രോത്സാഹിപ്പിക്കുന്നതിനും സംരംഭകത്വ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾക്ക് ഫോറം പ്രാധാന്യം നൽകും.
കോർപ്പറേറ്റ് മാനേജ്മെൻ്റിലെ ബഹ്റൈൻ വനിതകളുടെ നേട്ടങ്ങളും ബിസിനസ് സൗഹൃദ ഹബ് എന്ന നിലയിലുള്ള ബഹ്റൈൻ്റെ പദവിയും ഈ പരിപാടി ഉയർത്തിക്കാട്ടും. നെറ്റ്വർക്കിംഗിലൂടെയും വൈദഗ്ധ്യം കൈമാറ്റം ചെയ്യുന്നതിലൂടെയും വനിതാ സംരംഭകർക്കിടയിൽ വ്യാപാരം വർദ്ധിപ്പിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. കൂടാതെ, ബഹ്റൈൻ ബിസിനസുകളുടെ കയറ്റുമതി സാധ്യതകൾ വർദ്ധിപ്പിക്കുന്നതിനും അന്താരാഷ്ട്ര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള അവസരങ്ങളെ ക്കുറിച്ച് പരിപാടിയിൽ ചർച്ച ചെയ്യുമെന്നും അവർ പറഞ്ഞു.