പക്ഷിപ്പനിയ്ക്ക് പുറമെ നിരവധി വവ്വാലുകളും കൂട്ടത്തോടെ ചത്തുവീഴുന്നു . ജനങ്ങള്‍ ആശങ്കയില്‍. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ കാരമൂലയിലാണ് വവ്വാലുകളെ വ്യാപകമായി ചത്തനിലയില്‍ കണ്ടെത്തിയത്. കാരശ്ശേരിയുടെ സമീപ പഞ്ചായത്തായ കൊടിയത്തൂരില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ നാട്ടുകാര്‍ ആശങ്കയിലാണ്.
അതേസമയം, പക്ഷിപ്പനി കണ്ടെത്തിയ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം നാട്ടുകാരുടെ നിസ്സഹകരണം മൂലം പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. പലരും കോഴികള്‍ അടക്കമുള്ളവയെ കൂട്ടത്തോടെ മാറ്റിയതാണ് ഇതിന് കാരണം. ഇതോടെ പക്ഷിപ്പനി വ്യാപിക്കാന്‍ സാധ്യതകള്‍ ഏറെയാണ്.
വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ നിലവില്‍ കോഴിയിറച്ചി വില്‍പ്പന നിരോധനമുണ്ട്. ഇതോടെ പ്രദേശത്തിന് പുറത്തുള്ള കച്ചവടക്കാര്‍ക്ക് കോഴി കുറഞ്ഞ നിരക്കില്‍ വിറ്റുവെന്ന വിവരങ്ങളും പുറത്ത് വരുന്നുണ്ട്.