തിരുവനന്തപുരം; നൂറ്റാണ്ടുകൾക്ക് മുൻപേ തിരുവിതാംകൂർ രാജകുംടുംബത്തിന് ബാലരാമപുരം കൈത്തറിയുമായി ആത്മബന്ധമാണ് ഉള്ളതെന്ന് കവടിയാർ കൊട്ടാരത്തിലെ അംഗങ്ങൾ പറഞ്ഞു. ബാലരാമപുരം കൈത്തറിയെക്കുറിച്ച് രാജ്യാന്തര പ്രശസ്ത ഫാഷൻ ഡിസൈനറും, മൂവി മേക്കറുമായ സഞ്ജന ജോൺ നിർമ്മിക്കുന്ന ഡോക്യുമെന്ററി ചിത്രീകരണത്തിന്റെ ഭാഗമായി കൊട്ടാരത്തിൽ എത്തിയപ്പോഴാണ് രാജകുടുംബാഗങ്ങൾ തങ്ങളുടെ ബാലരാമപുരം കൈത്തറിയുടെ അനുഭവങ്ങൾ പങ്ക് വെച്ചത്.
1798-1810 കാലഘട്ടത്തിൽ ജീവിച്ചിരുന്ന ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മയാണ് ബാലരാമപുരത്തെ നെയ്ത്തുകാർക്ക് കൊട്ടാരത്തിലേക്ക് വസ്ത്രങ്ങൾ നെയ്യുന്നതിന് വേണ്ടി പ്രത്യേകം തറികൾ എത്തിച്ചത്. പരിവട്ടത്തറി എന്ന് പേരുള്ള ഈ പ്രത്യേക തറികളിൽ നെയ്ത വസ്ത്രങ്ങളായിരുന്നു അന്ന് കൊട്ടാരത്തിൽ എത്തിച്ചിരുന്നത്. കൊട്ടാരത്തിലേക്ക് വേണ്ടി പ്രത്യേക തരത്തിലുള്ള വസ്ത്രങ്ങളും അവിടെ നിന്നും നെയ്ത് എത്തിച്ചിരുന്നു. പണ്ടത്തെപ്പോലെ തന്നെ ഇപ്പോഴും ബാലരാമപുരത്ത് നിന്നും കൊട്ടാരത്തിലേക്ക് ഇപ്പോഴും വസ്ത്രങ്ങൾ കൊണ്ട് വരുന്നുണ്ടെന്നും രാജകുടുംബാഗങ്ങളായ പൂയം തിരുനാൽ ഗൗരി പാർവ്വതി ഭായി, അശ്വതി തിരുനാൽ ഗൗരി ലക്ഷ്മി ഭായി, പൂരുട്ടാതി തിരുനാൽ മാർത്താണ്ഡ വർമ്മ, അവിട്ടം തിരുനാൾ ആദിത്യവർമ്മ എന്നിവർ പറഞ്ഞു.

ബാലരാമപുരം കൈത്തറികൾ മികച്ചതെന്ന് പറയുന്നത് രാജ പാരമ്പര്യം കൊണ്ട് മാത്രമല്ല. അതിന്റെ ഗുണമേൻമയും പ്രത്യേക ഘടകമാണ്. കേരളത്തിലെ ഏത് കാലവസ്ഥയ്ക്കും അനുയോജ്യമായ രീതിയുള്ള വസ്ത്രങ്ങളാണ് ബാലരാമപുരം കൈത്തറിയിൽ നിന്നും ലഭിച്ചിരുന്നത്. നൂറ്റാണ്ടുകൾക്ക് മുൻപ് തന്നൈ രാജകുടുംബ അംഗങ്ങൾ ബാലരാമപുരം കൈത്തറി ഉപയോഗിച്ചിരുന്നതിന്റെ തെളിവുകൾ കൊട്ടാരത്തിലെ ആദ്യകാല തമ്പുരാക്കൻമാരുടേയും, തമ്പുരാട്ടിമാരുടേയും ചിത്രങ്ങൾ ചൂണ്ടിക്കാട്ടി പൂയം തിരുനാൽ ഗൗരി പാർവ്വതി ഭായി പറഞ്ഞു.

ശ്രീ പത്ഭനാഭ ദാസ മഹാരാജ അവിട്ടം തിരുനാൾ ബാലരാമവർമ്മ നെയ്ത്തുകാരെ ബാലരാമപുരത്ത് കൊണ്ട് വരുന്നതിന് മുൻപ് തന്നെ തലമുറകളായി അവർ ഈ നെയ്ത്ത് ജോലിയിൽ കഴിവ് തെളിയിച്ചിരുന്നവരാണ്. അതിനാൽ അത്രയേറെ പഴക്കം ഈ വ്യവസായത്തിന് ഉള്ളതായും രാജകുടുംബാംഗങ്ങൾ വ്യക്തമാക്കി.
കേന്ദ്ര സഹമന്ത്രി, വി. മുരളീധരൻ , സിസ്സ ജനറൽ സെക്രട്ടറി ഡോ. സുരേഷ് കുമാർ, സി, ബാലരാമപുരം കൈത്തറി വികസന പദ്ധതിയുടെ പ്രോജക്ട് ഹെഡും ഹാൻഡക്സിന്റെ മുൻ ജിഎം കെ മുരളി കുമാർ, ഗായത്രി, വീവേഴ്സ് വില്ലേജ് ഫൗണ്ടർ ശോഭ വിശ്വനാഥ് തുടങ്ങിയവരും സന്നിഹിതരായിരുന്നു.