
മനാമ: ഇൻഫർമേഷൻ ആൻഡ് ഇ ഗവൺമെന്റ് അതോറിറ്റി (ഐജിഎ) പുറത്തിറക്കിയ ദേശീയ അക്കൗണ്ട് എസ്റ്റിമേറ്റുകൾ പ്രകാരം ബഹ്റൈൻ സമ്പദ്വ്യവസ്ഥ നടപ്പുവർഷം ശ്രദ്ധേയമായ വളർച്ചാനിരക്ക് രേഖപ്പെടുത്തി.
ഈ വർഷത്തിന്റെ മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) സ്ഥിരമായ വിലയിൽ രേഖപ്പെടുത്തിയ വളർച്ച വാർഷികാടിസ്ഥാനത്തിൽ 4.20% ആയി ഉയർന്നു. കൂടാതെ മൂന്നാം പാദത്തിൽ എണ്ണ ഇതര മേഖലയും 4.9% വളർച്ച നേടി.
സ്ഥിരമായ വിലയിൽ ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള രാജ്യത്തിന്റെ ജിഡിപി വാർഷികാടിസ്ഥാനത്തിൽ 5.5% വർധിച്ചപ്പോൾ, എണ്ണ ഇതര മേഖല 2022 മൂന്നാം പാദം വരെ വാർഷികാടിസ്ഥാനത്തിൽ 7.2% വർധിച്ചു.
2021 ലെ മൂന്നാം പാദത്തെ അപേക്ഷിച്ച് 2022 ലെ മൂന്നാം പാദത്തിലെ സാമ്പത്തിക മേഖലകളുടെ പ്രകടനവും റിപ്പോർട്ട് കാണിക്കുന്നു. എണ്ണ ഇതര മേഖലകളിൽ ഹോട്ടൽ, റെസ്റ്റോറന്റ് മേഖല ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നു. 14.7% വാർഷിക വളർച്ചയാണ് ഈ മേഖല കൈവരിച്ചത്. ഗതാഗത, വാർത്താവിനിമയ മേഖല 8 ശതമാനവും റിയൽ എസ്റ്റേറ്റ് പ്രവർത്തനങ്ങളും ബിസിനസ് സേവന മേഖലയും വാർഷികാടിസ്ഥാനത്തിൽ 6.8 ശതമാനവും വർദ്ധിച്ചു. വ്യാപാര മേഖല 5.9 ശതമാനവും, ഉൽപ്പാദന മേഖല 5 ശതമാനവും വളർച്ച നേടി. സർക്കാർ സേവന മേഖലയെ സംബന്ധിച്ചിടത്തോളം അതിന്റെ വളർച്ചാ നിരക്ക് 4.6% ആയിരുന്നു. 2022 മൂന്നാം പാദത്തിൽ സാമ്പത്തിക പദ്ധതികളുടെ മേഖല 1.1% വളർച്ച നേടി.
ഈ വർഷം മൂന്നാം പാദത്തിൽ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) നിലവിലെ വിലയിൽ വാർഷികാടിസ്ഥാനത്തിൽ 10.9% വളർച്ച കൈവരിച്ചതായും റിപ്പോർട്ട് വ്യക്തമാക്കുന്നു. മൂന്നാം പാദത്തിൽ എണ്ണ ഇതര മേഖലയും 6.4% വളർച്ച രേഖപ്പെടുത്തി.
