മനാമ: ബഹ്റൈനിന്റെ പങ്കാളിത്തത്തോടെയുള്ള ആദ്യ ഉപഗ്രഹം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽനിന്ന് ഭ്രമണപഥത്തിലേക്ക് വിക്ഷേപിച്ചു. ബഹ്റൈനിലെ നാഷനൽ സ്പേസ് സയൻസ് ഏജൻസി, യു.എ.ഇ സ്പേസ് ഏജൻസി, ഖലീഫ യൂനിവേഴ്സിറ്റി, ന്യൂയോർക് യൂനിവേഴ്സിറ്റി അബൂദബി എന്നിവയുടെ സംയുക്ത പദ്ധതിയായ ലൈറ്റ്-1 വ്യാഴാഴ്ച അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ജാപ്പനീസ് വിഭാഗത്തിൽനിന്നാണ് വിക്ഷേപിച്ചത്. മിന്നൽ, കൊടുങ്കാറ്റ് എന്നിവ ഉണ്ടാകുന്ന സമയത്ത് ഗവേഷണം നടത്താൻ ഉപഗ്രഹം ഉപയോഗിക്കും. ഇത് വ്യോമയാന സുരക്ഷാവിദഗ്ധരെ സഹായിക്കും. വിക്ഷേപണം ബഹ്റൈൻ ടി.വിയിൽ തത്സമയം സംപ്രേഷണം ചെയ്തു.
