മനാമ: ആദ്യത്തെ ബദാം ഫെസ്റ്റിവലിന് ബഹ്റൈൻ ഒരുങ്ങുന്നു. ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിലെ ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിലാണ് ശനിയാഴ്ച ഫെസ്റ്റിവൽ തുടങ്ങുന്നത്. വൈകീട്ട് നാലു മുതൽ രാത്രി ഒമ്പതു വരെ സന്ദർശകർക്ക് പ്രവേശനമുണ്ട്. ഫെസ്റ്റിവലിന്റെ എല്ലാ ഒരുക്കവും പൂർത്തിയായതായി മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കാർഷിക കാര്യ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് അൽ ഒറൈബി പറഞ്ഞു.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റ് (എൻഐഎഡി), ബഹ്റൈൻ അഗ്രികൾച്ചറൽ കോഓപ്പറേറ്റീവ് സൊസൈറ്റി എന്നിവയുടെ പങ്കാളിത്തത്തോടെയാണ് മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രാലയം പരിപാടി സംഘടിപ്പിക്കുന്നത്. രണ്ടാഴ്ച നീളുന്ന ഫെസ്റ്റിവലിൽ 15 കർഷകരും മൂന്ന് ഉൽപ്പാദനക്ഷമതയുള്ള കുടുംബങ്ങളും ഉൽപന്നങ്ങളുമായി പങ്കെടുക്കും. ഇതുകൂടാതെ മൂന്നു പ്രോജക്ടുകളും അവതരിപ്പിക്കും. ബദാം വിഭവങ്ങളുമായി നാലു റസ്റ്റാറന്റുകളും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
ഫെസ്റ്റിവലിനോടനുബന്ധിച്ച് മന്ത്രാലയം മൊത്തം 1,000 ബദാം തൈകൾ വിതരണം ചെയ്യും. ബദാം അടിസ്ഥാനമാക്കിയുള്ള ഉൽപന്നങ്ങളും പ്രദർശിപ്പിക്കും. ബദാമിന്റെ നിർമ്മാണ വ്യവസായങ്ങൾ അവതരിപ്പിക്കുക, ബദാം ഇനങ്ങൾ, കൃഷി രീതികൾ, ദോഷകരമായ കീടങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും മാർഗനിർദേശ പ്രസിദ്ധീകരണങ്ങളും നൽകുക എന്നിവ ഫെസ്റ്റിവലിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ബദാം കൃഷി പ്രോത്സാഹിപ്പിക്കുക, വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളും ഫെസ്റ്റിവലിനുണ്ട്.