ബുദയ്യ: ബഹ്റൈനി കാർഷികവിളകൾ പരിചയപ്പെടാനും വാങ്ങാനും അവസരമൊരുക്കുന്ന ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് ബുദയ്യ ബൊട്ടാണിക്കൽ ഗാർഡനിൽ ഡിസംബറിൽ പുനഃരാരംഭിക്കും. കോവിഡ് മൂലമുണ്ടായ ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്. ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റിന്റെ ഒമ്പതാം പതിപ്പിനാണ് വേദിയൊരുങ്ങുന്നത്.
നാഷണൽ ഇനിഷ്യേറ്റീവ് ഫോർ അഗ്രികൾച്ചറൽ ഡെവലപ്മെന്റിന്റെ (എൻഐഎഡി) പങ്കാളിത്തത്തോടെ, പൊതുമരാമത്ത്, മുനിസിപ്പാലിറ്റികാര്യ, നഗരാസൂത്രണ മന്ത്രാലയത്തിന് കീഴിലെ കാർഷിക, സമുദ്രവിഭവ ഏജൻസിയാണ് കാർഷികചന്ത സംഘടിപ്പിക്കുന്നത്. ബഹ്റൈൻ കർഷകർക്ക് അവരുടെ ഉൽപന്നങ്ങൾ വിൽക്കുന്നതിനും വിവിധ കാർഷിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനും ഉള്ള അവസരമൊരുക്കുകയാണ് ബഹ്റൈൻ ഫാർമേഴ്സ് മാർക്കറ്റ് സംഘടിപ്പിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്.
Also read: 2060 ഓടെ കാർബൺ ബഹിർഗമനം പൂജ്യത്തിലേക്ക് എത്തിക്കുമെന്ന് ബഹ്റൈൻ
സ്വദേശികളും പ്രവാസികളും ഉൾപ്പെടെ നിരവധി പേരെ ആകർഷിക്കുന്ന കാർഷികചന്ത സന്ദർശിക്കാൻ മുൻ വർഷങ്ങളിൽ അയൽ രാജ്യങ്ങളിൽനിന്നും നിരവധി പേർ എത്തിയിരുന്നു. എന്നാൽ, ഇത്തവണ കോവിഡ് മുൻകരുതൽ പാലിച്ചാണ് ചന്ത സംഘടിപ്പിക്കുന്നത്. പ്രാദേശിക പച്ചക്കറികൾ വിൽക്കുന്ന കടകൾക്കും റസ്റ്റാറൻറുകൾക്കുമാണ് പ്രദർശനത്തിൽ പങ്കെടുക്കാൻ അവസരം.
മേളയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കർഷകർക്കും സ്ഥാപനങ്ങൾക്കും നഴ്സറി ഉടമകൾക്കും ഇപ്പോൾ രജിസ്ട്രേഷൻ നടത്താൻ സാധിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ ഔദ്യോഗിക വെബ്സൈറ്റ് വഴി സമർപ്പിക്കണം.
